രാജീവ്ഗാന്ധി വധക്കേസ്;പ്രതികളെ വിട്ടയക്കുന്നത് തമിഴ്‌നാട് ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി

രാജീവ്ഗാന്ധി വധക്കേസ്;പ്രതികളെ വിട്ടയക്കുന്നത് തമിഴ്‌നാട് ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി

September 7, 2018 0 By Editor

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ ജയിലില്‍നിന്ന് വിട്ടയക്കുന്നത് തമിഴ്‌നാട് ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതോടെ സര്‍ക്കാറിന് സമ്മര്‍ദമേറി. വ്യാഴാഴ്ചത്തെ സുപ്രീംകോടതി ഉത്തരവോടെ സര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അടക്കമുള്ള വിവിധ രാഷ്ട്രീയകക്ഷികളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് രേഖാമൂലം തീരുമാനമറിയിക്കണം. ഗവര്‍ണര്‍ അനുമതി നല്‍കുന്നതോടെ പ്രതികളുടെ മോചനം സാധ്യമാവുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് പേരറിവാളെന്റ മാതാവ് അര്‍പുതമ്മാള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവു പഠിച്ചശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് സര്‍ക്കാര്‍ യഥാസമയം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഡി. ജയകുമാര്‍ വ്യക്തമാക്കി.

സുപ്രീംകോടതി നിര്‍ദേശം നടപ്പായാല്‍ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍ 27 വര്‍ഷത്തിനുശേഷം പുറംലോകം കാണും. ടി. സുധേന്ദ്രരാജ എന്ന ശാന്തന്‍, വി. ശ്രീഹരന്‍ എന്ന മുരുകന്‍, ജയകുമാര്‍, റോബര്‍ട്ട്പയസ്, പി. രവിചന്ദ്രന്‍, എ.ജി. പേരറിവാളന്‍, നളിനി എന്നിവരാണ് പ്രതികള്‍. ഇതില്‍ ശാന്തന്‍, മുരുകന്‍, റോബര്‍ട്ട്പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. ജയില്‍മോചനമാവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കും കോടതികള്‍ക്കും ഇവര്‍ പലപ്പോഴായി നിവേദനങ്ങള്‍ അയച്ചിരുന്നു. 2014 ഫെബ്രുവരി 18നാണ് ശാന്തന്‍, പേരറിവാളന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയത്. തൊട്ടുപിന്നാലെ ജയലളിത സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമുപയോഗിച്ച് മുഴുവന്‍ പ്രതികളെയും വിട്ടയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍, അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

1991 മേയ് 21നാണ് ശ്രീപെരുംപുതൂരില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ എല്‍.ടി.ടി.ഇ പ്രവര്‍ത്തകരായ 26 പ്രതികളെ ടാഡ കോടതി വധശിക്ഷക്ക് വിധിച്ചു. ഇവരില്‍ 19 പേരെ 1999ല്‍ സുപ്രീംകോടതി വിട്ടയച്ചു. നളിനിയടക്കം നാലുപേരുടെ വധശിക്ഷ ശരിവെച്ചു. എന്നാല്‍, 15 വര്‍ഷത്തിനുശേഷം ഇതേ കോടതി പേരറിവാളന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി. സോണിയഗന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് നളിനിയുടെ വധശിക്ഷ 2000 ഏപ്രിലില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ജീവപര്യന്തമായി കുറച്ചു.