രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ ബികെ ഹരിപ്രസാദ് മത്സരിക്കും

August 8, 2018 0 By Editor

ന്യൂഡല്‍ഹി : ബി കെ ഹരിപ്രസാദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

എന്‍ സി പി നേതാവ് വന്ദന ചവാനാണ് രാജ്യസഭാ ഉപാധ്യക്ഷാ പദവിയിലേക്ക് മത്സരിക്കുന്ന പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ശിവസേന ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് സൂചന. പൂനെ മുന്‍ മേയര്‍ കൂടിയാണ് വന്ദന.

245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്. അകാലി ദള്‍ (3 സീറ്റ്), ശിവ സേന (3 സീറ്റ്), ബിജു ജനതാ ദള്‍ (9 സീറ്റ്) എന്നിവരില്‍ ആരെങ്കിലും മാറി നിന്നാല്‍ എന്‍.ഡി.എയുടെ സ്ഥിതി പരുങ്ങലിലാവും. 119 സീറ്റാണ് പ്രതിപക്ഷത്തിനുള്ളത്. ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവരുള്‍പ്പടെയാണ് ഈ കണക്ക്. കെജ്രിവാളിന്റ എ.എ.പിയും മെഹബൂബ മുഫ്തിയുടെ പി.ഡി.പിയും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ വിരമിച്ചശേഷം ഡെപ്യൂട്ടി ചെയര്‍മാന്റെ സ്ഥാനം 2018 ജൂണ്‍ മുതല്‍ ഒഴിഞ്ഞു കിടക്കുകയാണ്.