രാജ്യസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

June 11, 2018 0 By Editor

തിരുവനന്തപുരം: രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന യു.ഡി.എഫ്-എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് സി.പി.എമ്മിന്റെ എളമരം കരീമും സി.പി.ഐയുടെ ബിനോയ് വിശ്വവും പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ്. വിജയരാഘവന്‍ അടക്കമുള്ളവര്‍ സ്ഥാനാര്‍ഥികളെ അനുഗമിച്ചു.

യു.ഡി.എഫിന് വേണ്ടി കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ. മാണിയും പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു പത്രികാ സമര്‍പ്പണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഉപനേതാവ് എം.കെ. മുനീര്‍, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവര്‍ ജോസ് കെ. മാണിയെ അനുഗമിച്ചു.

എല്‍.ഡി.എഫിന് രണ്ടു പേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാം. നാലാമത് പത്രികയില്ലെങ്കില്‍ തിങ്കളാഴ്ച തന്നെ മൂന്നു പേരുടെയും വിജയം വരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിക്കും.