രാജ്യത്തെ ആദ്യ ചാണകവിമുക്ത നഗരമാകാന്‍ ഒരുങ്ങി ജംഷഡ്പൂര്‍

രാജ്യത്തെ ആദ്യ ചാണകവിമുക്ത നഗരമാകാന്‍ ഒരുങ്ങി ജംഷഡ്പൂര്‍

September 3, 2018 0 By Editor

ജംഷഡ്പൂര്‍: രാജ്യത്തെ ആദ്യ ചാണകവിമുക്ത നഗരമാകാന്‍ ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്താണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ ഇതിന് വേണ്ട പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പദ്ധതിക്കായി ജംഷഡ്പൂര്‍ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി ടെന്‍ഡര്‍ വിളിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ലേലത്തില്‍ രണ്ട് കമ്ബനികള്‍ ഈ കരാര്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് ജെ.എന്‍.എ.സിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ പാണ്ഡ പറഞ്ഞു. ഇത്തരത്തില്‍ ഒരു നീക്കം രാജ്യത്ത് ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചാണകം കിടക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് കാണിച്ച് ഗോശാലകള്‍ക്കും കന്നുകാലി ഉടമകള്‍ക്കുമെതിരെ നിരവധി പരാതിയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ജംഷഡ്പൂരില്‍ മാത്രം 350 ഗോശാലകള്‍ ഉള്ളത്. എന്നാല്‍ കന്നുകാലി മാലിന്യം നീക്കാന്‍ ചെയ്യാന്‍ ഇവിടെ സൗകര്യങ്ങളില്ല. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു” സഞ്ജയ് കുമാര്‍ പറഞ്ഞു.

നഗരത്തില്‍ എത്ര ഗോശാലകള്‍ ഉണ്ട്, കന്നുകാലികളുടെ എണ്ണം, ദിവസം ശേഖരിക്കേണ്ട ചാണകത്തിന്റെ അളവ് എന്നിവയെ കുറിച്ച് സര്‍വേ നടത്താന്‍ കമ്ബനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം ഈ മാസം 15 മുതല്‍ പദ്ധതി ആരംഭിക്കും.