രക്ഷിതാക്കളുമായുള്ള തര്‍ക്കം: വിദ്യാര്‍ത്ഥികളുടെ പ്ലസ്ടു സര്‍ട്ടിറിക്കറ്റ് ഒപ്പിട്ടാതെ പ്രിന്‍സിപ്പല്‍

June 26, 2018 0 By Editor

കോട്ടയം: പ്രിന്‍സിപ്പല്‍ ഒപ്പിടാത്ത സര്‍ട്ടിഫിക്കറ്റ് നല്കി പ്ലസ്ടു വിദ്യാര്‍ഥികളെ വെട്ടിലാക്കിയ സംഭവത്തില്‍ വ്യാപകം പ്രതിഷേധം. മെഡിക്കല്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നത്. തിങ്കളാഴ്ച രാവിലെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.

പ്ലസ് ടു പഠനം പൂര്‍ത്തികരിച്ച ഒരു ബാച്ചിലെ കുട്ടികള്‍ക്ക് നല്‍കിയ കോഴ്‌സ് സര്‍ട്ടിഫിക്കറ്റിലാണ് പ്രിന്‍സിപ്പല്‍ ഒപ്പിടാതിരുന്നത്. ചില കുട്ടികള്‍ ഉപരിപഠനത്തിനായി ചില സ്ഥാപനങ്ങളെ സമീപിച്ചപ്പോഴാണ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികളുമായി സ്‌കൂളില്‍ വന്ന് ചോദിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഒപ്പിട്ടു നല്‍കിയില്ലായെന്ന് രക്ഷിതാക്കള്‍ പറയുന്നു. പി.ടി.എ യോഗത്തില്‍ രക്ഷിതാക്കളുമായി പ്രിന്‍സിപ്പലിനുണ്ടായ അഭിപ്രായ വ്യത്യാസമാണ് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കാത്തതിന് കാരണമെന്നു പറയുന്നു.

കഴിഞ്ഞ അധ്യയന വര്‍ഷവും പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായതായും രക്ഷിതാക്കള്‍ ആരോപിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റി നല്‍കിയ സംഭവമായിരുന്നു അത്. പിന്നീടു 20,000 രൂപ വിദ്യാര്‍ത്ഥികള്‍ പിഴ അടച്ച ശേഷമാണ് സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കിയതെന്നും പറയുന്നു.