രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

September 17, 2018 0 By Editor

ബംഗളൂരു: ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ഞായറാഴ്ച രാത്രി 10.08 ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി റോക്കറ്റിന്റെ 44ാമത് വിക്ഷേപണത്തിലൂടെ ഇന്ത്യയ്ക്ക് 200 കോടിയോളം രൂപ ലഭിക്കുമെന്നാണ് വിവരം. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി മുഴുവന്‍ റോക്കറ്റും വിദേശ കമ്പനി വാടകയ്ക്ക് എടുക്കുകയായിരുന്നു.

പൂര്‍ണമായും വാണിജ്യ അടിസ്ഥാനത്തിലുള്ള പി.എസ്.എല്‍.വി റോക്കറ്റിന്റെ അഞ്ചാമത്തെ വിക്ഷേപണമാണിതെന്ന് തിരുവനന്തപരും വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. സോംനാഥ് പറഞ്ഞു. പി.എസ്.എല്‍.വിയുടെ ഉയര്‍ന്ന വിശ്വാസ്യതയും സമയക്രമം പാലിച്ച് വിക്ഷേപണം നടത്തുന്നതുമാണ് വിദേശ രാജ്യങ്ങളെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ(എസ്.എസ്.ടി.എല്‍) നോവ എസ്.എ.ആര്‍, എസ്14 എന്നീ ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. വനഭൂപട നിര്‍മാണം, സര്‍വേ, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുടെ വിശകലനം എന്നിവയ്ക്ക് വേണ്ടിയുള്ള ഉപഗ്രഹങ്ങളാണ് ഇവ. 889 കിലോഗ്രാം ഭാരമുള്ളതാണ് നോവ എസ്.എ.ആര്‍, എസ് 14 എന്നീ ഉപഗ്രഹങ്ങള്‍. രാത്രി, പകല്‍ വ്യത്യാസമില്ലാതെ ഈ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കും.