രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരത്തിനര്‍ഹയായ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി; അന്വേഷണം വൈകിപ്പിച്ച് പൊലീസ്

September 14, 2018 0 By Editor

ഗുര്‍ഗണ്‍: സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരത്തിനര്‍ഹയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ ഇടല്‍ വൈകിപ്പിക്കുന്നു. 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് വ്യാഴാഴ്ച തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ അടുത്തുള്ള ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ചു.

കേസെടുക്കുമെന്ന പ്രതീക്ഷയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിക്കൊണ്ടിരിക്കുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതുകൂടാതെ കേസ് നല്‍കാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടിയുടെ പരാതിയില്‍ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കോച്ചിംഗ് സെന്ററിലേക്ക് പോകുന്നതിനിടെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അടുത്തുള്ള ഒരു പാടത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അവിടെ അവരെ കൂടാതെ കുറച്ച് പേര്‍ ഉണ്ടായിരുന്നെന്നും എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.