റോഡില്‍ ഏറ്റവും അധികം  കുഴികളുള്ള നഗരം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മുംബൈയ്ക്ക്

റോഡില്‍ ഏറ്റവും അധികം കുഴികളുള്ള നഗരം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മുംബൈയ്ക്ക്

July 23, 2018 0 By Editor

മുംബൈ: രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ട് നിറയെ കുണ്ടും കുഴിയുമുള്ള റോഡുകള്‍. എന്നാല്‍ ഏറ്റവും അധികം കുഴികളുള്ള റോഡുകള്‍ ഉള്ള നഗരം എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യവുമായി മുംബൈ നഗരം. മുംബൈ നിവാസിയായ നവിന്‍ ലാഡെയാണ് നഗരത്തിന്റെ കുഴികള്‍ വഴി ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്നത്.

ഇത്തരം ഒരു ശ്രമത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ റോഡുകളുടെ ദുരാവസ്ഥ പുറത്തു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഗിന്നസ് റെക്കോര്‍ഡിനായി നവിന്‍ പറയുന്നു. മുംബൈയിലെ റോഡുകളില്‍ 20,000ല്‍ പരം കുഴികളുണ്ടെന്ന മാധ്യമവാര്‍ത്തകളാണ് നവിന് പ്രചോദനമായത്.

ഗിന്നസില്‍ മുംബൈയുടെ പേരു ചേര്‍ത്ത് മുനിസിപ്പല്‍ അധികൃതരെ നാണംകെടുത്താന്‍ നഗരവാസികളുടെ സഹായവും ലാഡെ ആവശ്യപ്പെട്ടിട്ടുണ്ട്. 350 രൂപ അപേക്ഷാ ഫീസ് അടച്ചാണ് ഗിന്നസില്‍ അപേക്ഷിച്ചിരിക്കുന്നത്. നാലു ദിവസത്തിനകം ഗിന്നസിന്റെ മറുപടി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിലവില്‍ ഗിന്നസില്‍ ഇത്തരമൊരു റെക്കോര്‍ഡ് ഇല്ല. എന്നാല്‍, നഗരവാസികളെ കൊലയ്ക്കു കൊടുക്കുന്ന കുഴികളിലൂടെ മുംബൈയ്ക്ക് ഈ കുപ്രസിദ്ധി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ തൊഴിലാളി വിഭാഗം ജനറല്‍ സെക്രട്ടറികൂടിയായ ലാഡെ. ഇദ്ദേഹം ഇപ്പോള്‍ ഗിന്നസ് അധികൃതര്‍ക്കു തെളിവായി സമര്‍പ്പിക്കാന്‍ ആവശ്യമായ ഫോട്ടോകള്‍, വിഡിയോകള്‍, മാധ്യമ വാര്‍ത്തകള്‍ എന്നിവ ശേഖരിച്ചുവരികയാണ്.