റോഡിലേക്ക് മരം കടപുഴകി വീണു: മണ്ണിടിഞ്ഞു വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു

June 14, 2018 0 By Editor

വൈത്തിരി: വയനാട് ചുരത്തില്‍ ഒന്‍പതാം വളവിനു താഴെ മണ്ണിടിഞ്ഞു വാഹന ഗതാഗതം പൂര്‍ണമായി നിലച്ചു. ചുരം വ്യൂ പോയിന്റിനടുത്തു മരം റോഡിലേക്ക് കടപുഴകി വീണതു മൂലവും ഗതാഗതം തടസപ്പെട്ടു. വൈത്തിരി റെഡ്‌ക്രെസന്റ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കം ചെയ്യുന്നത്.

വ്യൂ പോയിന്റിലെ മരം ഫയര്‍ഫോഴ്‌സ് മുറിച്ചു മാറ്റി. ഈങ്ങാപ്പുഴയിലും പുതുപ്പാടിയിലും റോഡുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി വയനാട്ടിലേക്കുള്ള മുഴുവന്‍ ട്രിപ്പുകളും യാത്രാ തടസ്സം തീരുന്നതുവരെ റദ്ദാക്കി. ദേശീയപാതയില്‍ നെല്ലാങ്കണ്ടി, ഈങ്ങാപ്പുഴ, പുതുപ്പാടി എന്നിവിടങ്ങളില്‍ റോഡ് വെള്ളത്തിനടിയിലായതിനാല്‍ പുറപ്പെട്ട ബസ്സുകളും മറ്റു വാഹനങ്ങളും വഴിയില്‍ കിടക്കുകയാണ്.

വയനാട്ടില്‍ നിന്നും പുറപ്പെട്ട ബസ്സുകള്‍ ലക്കിടിയില്‍ നിര്‍ത്തിയിട്ടിരുന്നു. മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരം ട്രിപ്പ് റദ്ദാക്കി ബസ്സുകള്‍ ജില്ലയിലെ വിവിധ ഗാരേജുകളിലേക്കു തിരിച്ചു പോയി. യാത്രക്കാരുടെ പണം തിരികെ നല്‍കിയാണ് ട്രിപ്പ് റദ്ദാക്കിയത്. വാഹനങ്ങള്‍ ലഭിക്കാതെ യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി.