സംസ്ഥാനപാതയില്‍ ജലവിതരണ പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞു താഴ്ന്നു

July 24, 2018 0 By Editor

അടൂര്‍: കായംകുളം -പുനലൂര്‍ സംസ്ഥാനപാതയില്‍ അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനു് കിഴക്ക് ബസ് സ്റ്റോപ്പിന് മുന്‍വശത്ത് ജലവിതരണ പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞു താഴ്ന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെയാണ് പൈപ്പ് പൊട്ടിയത്. ശക്തമായ ജലപ്രവാഹത്തില്‍ റോഡിലെ ടാറിംഗ് ഭാഗം മൂന്നടിയിലെറെ താഴ്ന്നു.

ഇതോടെ ഒരു വശത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പറക്കോട് ചിരണിക്കല്‍ ജലശുദ്ധീകരണ ശാലയില്‍ നിന്നും പള്ളിക്കലേക്ക് വെള്ളം കൊണ്ടുവരുന്ന പൈപ്പുകളാണ് പൊട്ടിയത്. വര്‍ഷങ്ങള്‍ പഴക്കം ചെന്ന പൈപ്പുകളാണ് ഇവ. ജലപ്രവാഹത്തിന്റെ സമ്മര്‍ദം ഏറുമ്പോള്‍ പൈപ്പുകള്‍ പൊട്ടുന്നത് പതിവാണ്.

സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ പറക്കോട് വരെ എട്ടിടത്തായാണ് പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിട്ടുള്ളത്. റോഡില്‍ രൂപപ്പെട്ടിട്ടുള്ള മറ്റ് കുഴികള്‍ക്കൊപ്പമാണ് പൈപ്പ് കുഴികളും ഉള്ളത്. പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം തകര്‍ന്ന ഭാഗത്ത് കോണ്ക്രീറ്റിട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. കോണ്ക്രീറ്റിട്ട പ്രതലം ടാറിംഗ് പ്രതലത്തേക്കാള്‍ താഴ്ന്നുകിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് അപകടങ്ങള്‍ക്കും സാധ്യത ഉണ്ട്. പഴക്കം ചെന്ന പെപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കാനായി പൈപ്പുകള്‍ റോഡരികില്‍ ഇറക്കിയിട്ടിട്ട് നാളേറെയായെങ്കിലും ഇവ മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല. ടാറിംഗ് ചെയ്ത് വളരെ പെട്ടന്ന് തന്നെ പൈപ്പ് പൊട്ടി റോഡ് തകരുന്നത് വന്‍ നഷ്ടമാണുണ്ടാക്കുന്നത്.