സംസ്ഥാനത്ത് എട്ട് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

സംസ്ഥാനത്ത് എട്ട് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

August 15, 2018 0 By Editor

തിരുവനന്തപുരം: കേരളത്തില്‍ മഴ വീണ്ടും കനത്തതോടെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം,പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ബുധനാഴ്ച റെഡ് അലര്‍ട്ട് ബാധകമാക്കിയത്. അതിശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നു.18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടലിനുള്ള സാധ്യതയും കൂടുകയാണ്.

ബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട അതിശക്ത ന്യൂനമര്‍ദമാണ് ഇപ്പോഴത്തെ കനത്തമഴയ്ക്ക് ഇടയാക്കിയതെന്ന്കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി.

തീവ്രമായ മഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ആഗസ്റ്റ് 16 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ജലനിരപ്പ് 140 അടി എത്തിയപ്പോഴാണ് മുല്ലപ്പെരിയാറില്‍ സ്പില്‍വേയി ലുള്ള ഷട്ടറുകള്‍ തുറന്നു വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി തുടങ്ങി. ആകെയുള്ള പതിമൂന്ന് ഷട്ടറുകളും ഒരടിയോളമാണ് തുറന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതലായി പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് കഴിഞ്ഞതായി ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.. അണക്കെട്ട് തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. സ്ഥിതി വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ സമിതി ബുധനാഴ്ച ഡാമിലെത്തും.

മുന്നറിയിപ്പുകള്‍ :

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.