സംസ്ഥാനത്ത് കനത്ത മഴ തുടരും: പത്ത് പേര്‍ മരിച്ചു

June 10, 2018 0 By Editor

തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി). തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകും. മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇന്നലെ വൈകിട്ട് പെയ്ത മഴ സംസ്ഥാനത്ത് കനത്ത നാശമാണ് വിതച്ചത്.

തെക്ക് –പടിഞ്ഞാറന്‍ മണ്‍സൂണ്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാവും. നാലു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള ലക്ഷദ്വീപ് തീരത്ത് അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും. നാലര മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകുരുത്. ഏഴു മുതല്‍ പതിനൊന്ന് സെന്‍ീമീറ്റര്‍ വരെ ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ ലഭിക്കും.

ഇരുപത് സെന്‍ീമീറ്റര്‍ വരെ മഴ ബുധനാഴ്ച മഴ കിട്ടുമെന്ന് കാലാവസ്ഥ നിരീക്ഷണം അറിയിച്ചു. തീരപ്രദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണം. ആറുകളും തോടുകളും കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും ജാഗ്രത നിര്‍ദേശമുണ്ട്. അതിനിടെ, കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുവിട്ടു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കി.

തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് വൈദ്യുത ലൈന്‍ തട്ടി ഒരാള്‍ മരിച്ചു. ശാസ്തവട്ടം സ്വദേശി ശശിധരന്‍(75) ആണ് മരിച്ചത്. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ മരണം 10 ആയി.