സംസ്ഥാനത്ത് വയോമധുരം പദ്ധതി ഉടന്‍ നടപ്പാക്കും: കെ.കെ ശൈലജ

സംസ്ഥാനത്ത് വയോമധുരം പദ്ധതി ഉടന്‍ നടപ്പാക്കും: കെ.കെ ശൈലജ

May 14, 2018 0 By Editor

കോഴിക്കോട്: വീട്ടിലിരുന്ന് തന്നെ പ്രമേഹ പരിശോധന നടത്താന്‍ സഹായകമാകുന്ന തരത്തില്‍ മുഴുവന്‍ വയോജനങ്ങള്‍ക്കും ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്ത് വയോമധുരം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. വയോജന ആരോഗ്യ പരിപാലന പദ്ധതി വയോമിത്രം വ്യാപിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വയോജനകമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യം അനുഭാവ പൂര്വം പരിഗണിക്കും. ഇതിനായുള്ള നടപടികള്‍ പണിപ്പുരയിലാണ്. ട്രാന്‍സ് ജന്‍ഡേഴ്‌സിനായി കലാമേള സാധ്യമാക്കിയ പോലെ വയോജനങ്ങള്‍ക്കായി വര്‍ഷം തോറും കലാപരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും ഗ്രാമങ്ങളെ വയോജന സൗഹൃദഗ്രാമങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒരു വര്‍ഷത്തിനിടെ 40 പദ്ധതികളാണ് വയോമിത്രം പദ്ധതിയില്‍ ആരംഭിക്കാനായത്. ഇതാണ് സംസ്ഥാനത്തെ കഴിഞ്ഞ വര്‍ഷത്തെ വയോശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്നും മന്ത്രി പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുളള വ്യായാമ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും മാതൃകാ പകല്‍ വീടുകള്‍ ഉണ്ടാകണമെന്നാണ് സര്‍കാര്‍ ആഗ്രഹിക്കുന്നത്.

സന്തോഷകരമായ വാര്‍ദ്ധക്യം ഉറപ്പാക്കാന് കഴിയുന്ന തരത്തിലാണ് വയോജന സൗഹൃദ പദ്ധതികള്‍ നടപ്പാക്കി വരുന്നത്. പ്രായമായവര്‍ അവഗണിക്കപ്പെടുമ്പോഴും അക്രമിക്കപ്പെടുമ്പോഴും കേസെടുത്ത് പ്രശ്‌നം പരിഹരിക്കപ്പെടണം എന്നതല്ല, മറിച്ച് മക്കളുടെ സംരക്ഷണയില്‍ ഗൃഹാന്തരീക്ഷത്തില്‍ തന്നെ നല്ല രീതിയില്‍ കഴിയുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് ശ്രമമെന്നും ഇതിനുള്ള പദ്ധതികളാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. വളരുന്ന കേരളം വളര്‍ത്തിയവര്‍ക്കാദരം എന്ന മുദ്രാവാക്യമാണ് വയോജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍കാര്‍ മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. വയോജന സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു. കെഎസ്എസ്എം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ബി മുഹമ്മദ് അഷീല് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങാട്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എന്.മനോജ് കുമാര്‍, വൈസ് പ്രസിഡന്റ് എ.പി.ഹസീന , കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി, ടി.ദേവി, സ.ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ വയോജനങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.