സംസ്ഥാനത്തെ ആദ്യ ‘ലോറ’ ശൃംഖല ടെക്‌നോപാര്‍ക്കില്‍

April 28, 2018 0 By Editor

തിരുവനന്തപുരം: ഇന്റര്‍നെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിനു (ഐഒടി) വേണ്ടി സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ഐസിഫോസ് സജ്ജമാക്കിയ കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ലോറ’ ശൃംഖലയ്ക്ക് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ഭാവിയില്‍ വ്യാപകമാകുമ്പോള്‍ അതിനുവേണ്ടി ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞതും കൂടുതല്‍ ദൂരപരിധി കിട്ടുന്നതും അതേസമയം സുരക്ഷിതവുമായ ആശയവിനിമയ ശൃംഖലയാണു ലോറ.

കേരളത്തില്‍ ആദ്യമായാണു ലോറ നെറ്റ്‌വര്‍ക്ക് എന്ന പേരിലുള്ള ഈ പൊതുശൃംഖല പ്രാബല്യത്തില്‍ വരുന്നത്. സംസ്ഥാന ഇലക്ട്രോണിക്‌സ്‌ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് ആണ് കേരളത്തിലെ ആദ്യത്തെ ഈ നുതന വയര്‍ലെസ് ശൃംഖല ഉദ്ഘാടനം ചെയ്തത്. ദ തിങ്‌സ് നെറ്റ്വര്‍ക്ക് (ടിടിഎന്‍) എന്ന സംഘടനയുടെ തിരുവനന്തപുരം ശാഖയും ഓപ്പണ്‍ സോഴ്‌സ് ഹാര്‍ഡ്വെയറും സോഫ്‌റ്റ്വെയറും ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ള ഐഒടി പദ്ധതികളെക്കുറിച്ച് വിവരം നല്‍കുന്ന വെബ്‌സൈറ്റും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.

ടെക്‌നോപാര്‍ക്കിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന ഈ ശൃംഖല ലോറ വാന്‍ എന്ന സാങ്കേതികവിദ്യയിലിഷ്ഠിതമാണ്. ശൃംഖലയിലെ സെന്‍സര്‍ നോഡുകള്‍ക്കു വളരെ കുറഞ്ഞ ഊര്‍ജമുപയോഗിച്ചു പ്രവര്‍ത്തിക്കാനാവും. അതുകൊണ്ടുതന്നെ പത്തുവര്‍ഷത്തോളം ബാറ്ററി മാറ്റേണ്ടിവരില്ല. ശൃംഖലയ്ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന ലോറ ഗേറ്റ്‌വേകള്‍ സര്‍ക്കാര്‍ അനുവദനീയമായ സ്വതന്ത്ര റേഡിയോ ഫ്രീക്വന്‍സിയിലാണു പ്രവര്‍ത്തിക്കുന്നത്. ലോകത്തിലെ അഞ്ഞൂറോളം കമ്പനികള്‍ ചേര്‍ന്നു രൂപം നല്‍കിയ സ്വതന്ത്ര ലോറ കൂട്ടായ്മയാണു കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വൈഡ് ഏരിയ ശൃംഖലകള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്