സര്‍ക്കാര്‍ നികുതി ഇളവ് തരുമെങ്കില്‍ ഞാന്‍ പെട്രോളും ഡീസലും നല്‍കാം ബാബാ രാംദേവ്

September 17, 2018 0 By Editor

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില കുറച്ചില്ലെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് യോഗ ഗുരു ബാബ രാംദേവ് പറഞ്ഞു. സര്‍ക്കാര്‍ നികുതി ഇളവ് തരുമെങ്കില്‍ 35.40 രൂപയ്ക്ക് ഞാന്‍ ഇന്ത്യയില്‍ പെട്രോളും ഡീസലും നല്‍കും. 2014ലെ തിരഞ്ഞെടുപ്പിലേത് പോലെ താന്‍ ഇനി ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണമെന്നും രാംദേവ് ആവശ്യപ്പെട്ടു. താന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം വിട്ടുനിന്നതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ല. ഞാന്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഒപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. റാഫേല്‍ ഇടപാടില്‍ ചില രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എങ്കിലും അഴിമതി തടയല്‍, ശുചീകരണ മിഷന്‍ തുടങ്ങിയ നല്ല കാര്യങ്ങള്‍ മോദി ചെയ്തു. പശുവിനെ മതപരമായ മൃഗമാക്കുന്ന ശരിയല്ല. പശുവിന് മതമില്ലെന്നും രാംദേവ് ഒരു ദേശീയമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അടുത്തിടെയുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ ഇന്ത്യയെ പീഡനങ്ങളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്നത് നാണക്കേടാണ്. ഇങ്ങനത്തെ സംഭവങ്ങള്‍ തടയാന്‍ യോഗക്ക് കഴിയും. സമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണം നഗ്‌നതയുടെ അതിപ്രസരമാണെന്നും അദ്ദേഹം ആരോപിച്ചു.