സര്‍ക്കാര്‍ വിലക്ക് അവസാനിച്ചു; 160 കശുവണ്ടി വ്യവസായികള്‍ ജപ്തി ഭീഷണിയില്‍

September 1, 2018 0 By Editor

കൊല്ലം: കശുവണ്ടി വ്യവസായികള്‍ക്കെതിരായ ജപ്തി നടപടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് വെള്ളിയാഴ്ച അവസാനിച്ചു. ഇതോടെ ബാങ്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ജപ്തിനടപടികള്‍ ആരംഭിച്ചേക്കും. 160 വ്യവസായികളാണ് ജപ്തിഭീഷണി നേരിടുന്നത്. കശുവണ്ടി വ്യവസായം പുനരുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മെയ് 31 വരെയാണ് ആദ്യം ജപ്തിനടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്.

പിന്നീട് ഈ കാലാവധി ആഗസ്റ്റ് 31വരെ നീട്ടി.ഈ കാലയളവിനുള്ളില്‍ പുനരുജ്ജീവന പാക്കേജ് തയാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, നാലുതവണ ചര്‍ച്ചകള്‍ നടന്നതല്ലാതെ നടപടികളുണ്ടായില്ല. പുനരുദ്ധാരണ റിപ്പോര്‍ട്ട്്് കാഷ്യു എക്‌സ്‌പോര്‍ട്ടിങ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാറിന് സമര്‍പ്പിച്ചതിലും തീരുമാനമായില്ല. പ്രതിസന്ധിക്ക് പരിഹാരമാകും വരെ ജപ്തി പാടില്ലെന്നതാണ് വ്യാപാരികളുടെ ആവശ്യം.

വര്‍ധിച്ച ഉല്പാദനച്ചെലവും കുറഞ്ഞ ഉല്പാദനക്ഷമതയുമാണ് കശുവണ്ടിവ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. 2015 മാര്‍ച്ചില്‍ 35 ശതമാനം വേതനവര്‍ധന കൂടി ആയതോടെ മിക്ക ഫാക്ടറികളും പ്രവര്‍ത്തനം നിര്‍്ത്തി 700ഓളം ഫാക്ടറികള്‍ ഒരു വര്‍ഷത്തിലധികമായി അടച്ചിട്ടിരിക്കയാണ്. വായ്പയെടുത്ത 90ഓളം ഫാക്ടറികള്‍ നിഷ്‌ക്രിയ ആസ്തിയായി ബാങ്കുകള്‍ പ്രഖ്യാപിക്കുകയും ജപ്തി നടപടികള്‍ ആരംഭിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്്. എന്നാല്‍, ഇപ്പോള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച കമ്പനികളുടെ എണ്ണം 160 ആയി. ഇതിനുപുറമേ 250 ഓളം വ്യവസായികള്‍ ഭീഷണി നേരിടുന്നു. സ്വകാര്യമേഖലയില്‍ സംസ്ഥാനത്തെ 864 അംഗീകൃത ഫാക്ടറികളില്‍ പ്രവര്‍ത്തിപ്പിക്കുന്നത്് ചുരുക്കം മാത്രം. ചെറുകിടവ്യാപാരികള്‍ കടക്കെണിയില്‍പെട്ട് ഉഴലുകയാണ്. മൂന്നുപേരാണ് കൊല്ലം ജില്ലയില്‍ മാത്രം ഇതിനകം ആത്മഹത്യ ചെയ്തത്.

തോട്ടണ്ടിയുടെ ലഭ്യതക്കുറവും വര്‍ധിച്ച കൂലിയുമാണ് സ്വകാര്യ ഫാക്ടറി ഉടമകള്‍ പ്രതിസന്ധിക്കു മുഖ്യകാരണമായി പറയുന്നത്. സര്‍ഫാഫസി നിയമത്തിലുള്ള ഇളവാണ് വ്യവസായികള്‍ക്ക് ആവശ്യം. ഈ നിയമം നിലനില്‍ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് ജപ്തി നടപടിയിലേക്ക് കടക്കേണ്ടിവരും. ജപ്തി ചെയ്താല്‍ 10 കോടി രൂപ ആസ്തിയുള്ള വസ്തുക്കള്‍ക്ക്്് മൂന്നു കോടിയാണ് ബാങ്ക് വില നിശ്ചയിക്കുക എന്നതും വ്യവസായികളെ പ്രതിസന്ധിയിലാക്കും. വായ്പ ഇളവിനൊപ്പം പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന ആവശ്യവുമുണ്ട്. ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്ക് മുന്‍കൂര്‍ അടയ്ക്കുന്ന അഞ്ചുശതമാനം ജി.എസ്.ടി കേന്ദ്രസര്‍ക്കാര്‍ മടക്കിത്തരണമെന്നുണ്ടെങ്കിലും പാലിക്കുന്നില്ലെന്നത് വ്യവസായികളുടെ കാലങ്ങളായുള്ള പരാതിയാണ്.