ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം: ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്

May 26, 2018 0 By Editor

ചങ്ങരംകുളം: ശക്തമായ കാറ്റിലും മഴയിലും ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും വന്‍ നാശനഷ്ടം. വ്യാഴാഴ്ച രാത്രിയോടെ ഉണ്ടായ കാറ്റിലും മഴയിലുമാണ് വ്യാപകമായ നാശം നേരിട്ടത്.

പലയിടത്തും മരങ്ങള്‍ വീണു വീടുകള്‍ തകര്‍ന്നു. വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധവും നിലച്ചു. ചങ്ങരംകുളത്തിനടുത്ത് ആലംകോട് യുവതിക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. ആലംകോട് കീഴേപുറം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചീരന്‍കുഴിയില്‍ സുചിത്ര(25)യ്ക്കാണ് ഇടിമിന്നലില്‍ പരിക്കേറ്റത്.

ഇവരെ ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാരപറന്പില്‍ അജീഷിന്റെയും അനീഷിന്റെയും വീടിനു മുകളിലേക്കു പന പൊട്ടിവീണു വീട് തകര്‍ന്നു.

ഇടിമിന്നലില്‍ പ്രദേശങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചിയ്യാനൂരില്‍ മേലേപുരക്കല്‍ ഭാസ്‌ക്കരന്റെ വീട്ടിലെ കിണര്‍ മിന്നലേറ്റു തകര്‍ന്നു. ഉദിനുപറന്പ് മുള്ളംകുന്ന് റോഡില്‍ വീടിന്റെ മതില്‍കെട്ട് റോഡിലേക്കു നിലംപതിച്ചു ഗതാഗതം മുടങ്ങി. പ്രദേശത്തെ പല റോഡുകളും മരങ്ങള്‍ പൊട്ടി വീണു ഗതാഗതം മുടങ്ങിയിരിക്കുകയാണ്. പലയിടത്തും വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കേടുപാടുകള്‍ വന്നു.

മരങ്ങള്‍ വീണു വൈദ്യുതി ലൈനുകളും പൊട്ടിവീണു. ഇതുമൂലം ഒട്ടേറെ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. ലക്ഷക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കെഎസ്ഇബിക്കും വലിയ തോതില്‍ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. വീട്ടു പരിസരങ്ങളിലെ തെങ്ങ്, കമുക്, വാഴ, തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങളും കൃഷികളും വ്യാപകമായി നശിച്ചിരിക്കുകയാണ്.