ശിശു ബലിദാനം: 140 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

April 28, 2018 0 By Editor

ലിമ (പെറു): ലോക ചരിത്രത്തില്‍ ഏറ്റവുമധികം കുട്ടികളെ ബലി നല്‍കിയ സംഭവത്തെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചതായി ഗവേഷകര്‍. അനുഷ്ഠാനത്തിന്റെ ഭാഗമായി 140 കുട്ടികളെയും 200 ഇലാമ (ഒട്ടകത്തെപ്പോലെയുള്ള ഒരിനം വളര്‍ത്തുമൃഗം)കളെയും 550 വര്‍ഷം മുന്‍പ് ബലി നല്‍കിയതിന്റെ തെളിവുകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പെറുവില്‍ നിന്നാണ് ഇവ ലഭിച്ചത്.

പെറുവിന്റെ ഉത്തര മേഖലയിലുള്ള ലാ ലിബെര്‍ട്ടാഡ് എന്ന സ്ഥലത്തുനിന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ ശിശു ബലിദാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതെന്ന് നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പസഫിക് സമുദ്രത്തിന് അഭിമുഖമായുള്ള ചെങ്കുത്തായ മലക്കു മുകളിലാണ് ബലി നടന്നതെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. ചന്ദ്രനെ ആരാധിക്കുന്ന ജനങ്ങളുടെ ചിമു നാഗരികത രൂപംകൊണ്ടത് ഇവിടെയാണ്.

നാഷണല്‍ ജ്യോഗ്രഫിക്കിന്റെ പര്യവേഷകനും നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ട്രൂജിലോയിലെ ചരിത്ര ഗവേഷകനുമായ ഗബ്രിയേല്‍ പ്രിയെറ്റോയുടെയും ടുലൈന്‍ യൂണിവേഴ്‌സിറ്റിയിലെ ഭൗതിക നരവംശസാസ്ത്രജ്ഞന്‍ ജോണ്‍ വെറാനോയുടെയും നേതൃത്വത്തില്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനമാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് നയിച്ചത്. ഒരുമിച്ച് ഇത്രയധികം കുട്ടികളെ ബലി കൊടുത്ത സംഭവം മറ്റെവിടെയും ഉണ്ടായതായി അറിവില്ല. വളരെ അപ്രതീക്ഷിതമായ കണ്ടെത്തലായിപ്പോയി ഇതെന്നും വെറാനോ പറയുന്നു.

ആസ്‌ടെക്, മായന്‍, ഇന്‍ക സംസ്‌കൃതികളുമായി ബന്ധപ്പെട്ട് മനുഷ്യ ബലി നടന്നിട്ടുള്ളതായി പുരാവൃത്തങ്ങളിലൂടെയും ആധുനിക ശാസ്ത്ര ഗവേഷണങ്ങളിലൂടെയും കണ്ടെത്തിയിട്ടുള്ള കാര്യമാണ്. എന്നാല്‍, ഇത്രയും വലിയ തോതില്‍ കുട്ടികളെ കൂട്ടക്കുരുതി നടത്തിയ സംഭവം ലോക ചരിത്രത്തില്‍ മറ്റെവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2011ല്‍ ആണ് ഗവേഷകര്‍ ഉല്‍ഖനനം ആരംഭിച്ചത്. അഞ്ചു വര്‍ഷംകൊണ്ടാണ് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മലമുകളിലുള്ള ഒരു അമ്പലത്തിന്റെ സമീപത്തുനിന്നാണ് ഏറെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1400നും 1450 ഇടയിലുള്ള കാലത്തേതെന്ന് കരുതുന്ന വസ്ത്രഭാഗങ്ങളും കയറുമെല്ലാം അവശിഷ്ടങ്ങളോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.