സ്ത്രീകളെ ശാരീരികമായി മര്‍ദിച്ചു: ന്യൂയോര്‍ക് അറ്റോണി ജനറല്‍ രാജിവച്ചു

May 9, 2018 0 By Editor

ന്യൂയോര്‍ക്: നാലു സ്ത്രീകളെ ശാരീരികമായി മര്‍ദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ന്യൂയോര്‍ക് അറ്റോണി ജനറലിന്റെ പദവി തെറിച്ചു. മര്‍ദിച്ചുവെന്നാരോപിച്ച് മിഷേല്‍ മാനിങ് ബാരിഷ്, ടാനിയ സെല്‍വരത്‌നം തുടങ്ങിയ നാലു സ്ത്രീകള്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണ് എറിക് ഷ്‌നീഡര്‍മാന്‍ (63) രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. ന്യൂയോര്‍ക്കര്‍ മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നാലുപേരില്‍ രണ്ടു സ്ത്രീകള്‍ എറികിന്റെ മുന്‍ കാമുകിമാരായിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനായ ഇദ്ദേഹം ഹോളിവുഡില്‍ അലയടിച്ച മീ ടു കാമ്പയിനിന്റെ വക്താവുമാണ്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് എറികിന്റെ അവകാശവാദം. ഉഭയകക്ഷി ബന്ധപ്രകാരമാണ് എല്ലാവരുമായും ബന്ധം നടത്തിയത്. ആരെയും ശാരീരികമായി മര്‍ദിച്ചിട്ടില്ലെന്ന് എറിക് വ്യക്തമാക്കി. 2010ലാണ് എറിക് അറ്റോണി ജനറലായി സ്ഥാനമേറ്റത്. ഈ വര്‍ഷം അതേ പദവിയിലേക്കായി വീണ്ടും മത്സരിക്കാനിരിക്കയായിരുന്നു.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ന്യൂയോര്‍ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുവോമോ ആണ് രാജിയാവശ്യപ്പെട്ടത്. ആരും നിയമത്തിനതീതരല്ലെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുകയും ചെയ്തു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രോസിക്യൂട്ടര്‍മാരെ ചുമതലപ്പെടുത്തുമെന്നും കുവോമോ വ്യക്തമാക്കി. സ്ത്രീകളിലാരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വീ വെയിന്‍സ്റ്റീനും അദ്ദേഹത്തിെന്റ കമ്പനിക്കുമെതിരെ നടപടിയെടുക്കാന്‍ മുന്നോട്ടു വന്നത് എറിക് ആണ്.