സ്ത്രീധന പീഡനം; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഉടനടി അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി

September 14, 2018 0 By Editor

സ്ത്രീധനപീഡന കേസുകളില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഉടനടി അറസ്റ്റുപാടില്ലെന്ന വിധിയില്‍ ഭേദഗതി വരുത്തി സുപ്രീംകോടതി. സ്ത്രീധനപീഡന പരാതികള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ കുടുംബക്ഷേമസമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദേശം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കി.

കുടുംബക്ഷേമ സമിതികളുടെ റിപ്പോര്‍ട്ട് പ്രകാരമേ അറസ്റ്റ് പാടുള്ളുവെന്നാണ് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ രണ്ടംഗ ബെഞ്ച് വിധിച്ചത്. അതേസമയം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അത് സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

നിയമത്തില്‍ അപര്യാപ്തതകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണേണ്ടത് നിയമനിര്‍മാണ സഭകളാണെന്നും കോടതി അല്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഇത്തരം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുള്ള മറ്റ് മാര്‍ഗനിര്‍ദേശങ്ങളും കോടതി നിലനിര്‍ത്തി.