സ്വയം ചിതയൊരുക്കി അതില്‍ തീ കൊളുത്തി ഗൃഹമാഥന്‍ ആത്മഹത്യ ചെയ്തു

സ്വയം ചിതയൊരുക്കി അതില്‍ തീ കൊളുത്തി ഗൃഹമാഥന്‍ ആത്മഹത്യ ചെയ്തു

May 10, 2018 0 By Editor

മാള: മാളയ്ക്കടുത്ത് കനകക്കുന്നില്‍ ഗൃഹനാഥന് സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. മാണിയംപറമ്പില്‍ പ്രകാശന് (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവംപുറത്തറിയുന്നത്. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കത്തിയമര്‍ന്ന ചിതയില്‍ കാല്‍ഭാഗം മാത്രമാണ് അവശേഷിച്ചിട്ടുള്ളത്.

മികച്ച സാമ്പത്തികഭദ്രതയുള്ളതാണ് പ്രകാശന്റെ കുടുംബം. ഭാര്യ ഗീതയും ഇളയമകള്‍ പ്രിയയും കാക്കനാട് ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സില്‍ ജീവനക്കാരാണ്. മൂത്തമകള്‍ പ്രീത ഭര്ത്താവിനൊപ്പം അമേരിക്കയിലാണ്. എറണാകുളത്ത് ഫ്‌ളാറ്റിലാണ് ഇവര്‍ സ്ഥിരമായി താമസിച്ചിരുന്നത്.

കുഴൂരുള്ള ഗീതയുടെ സഹോദരിയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനാണ് കുടുംബം കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാളയിലെ വീട്ടിലെത്തിയത്. മൂത്തമകളും വിവാഹത്തില്‍ സംബന്ധിക്കാനായി എത്തിയിരുന്നു. ബുധനാഴ്ച ഭാര്യയും പ്രിയയും എറണാകുളത്തേക്ക് ജോലിക്ക് പോയി. മൂത്തമകള്‍ കുഴൂരിലായിരുന്നു. പ്രകാശന്‍ വീട്ടില്‍ തനിച്ചായ സമയത്തായിരുന്നു സംഭവം. ആത്മഹത്യയ്ക്ക് കാരണമൊന്നും ബന്ധുക്കള്‍ക്കും സഹോദരങ്ങള്‍ക്കും പറയാനില്ല.

എസ്. എച്ച്. ഒ. ഇന്‌സ്‌പെക്ടര്‍ കെ. കെ. ഭൂപേഷ്, എസ്. ഐ. കെ. ഒ. പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. അവശേഷിക്കുന്ന ശരീരഭാഗങ്ങള്‍ പോലീസ് സംരക്ഷിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ധരെത്തിയ ശേഷമേ മേല്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ഡി. എന്‍. എ. പരിശോധനയും വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.

മുന്‍കൂട്ടി തയ്യാറാക്കിയ ആസൂത്രണമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ചിതയൊരുക്കാനായി വീട്ടുവളപ്പില്‍ മണ്ണ് നീക്കി സ്വയം കുഴി തയ്യാറാക്കി. പിന്നീട് വിറകുകള്‍ നിറച്ചു. മഴപെയ്താല്‍ തീ കെടാതിരിക്കാന്‍ മുകളില്‍ ഇരുമ്പുഷീറ്റുകള്‍ കൊണ്ട് മറയും തീര്‍ത്തതിന് ശേഷമായിരുന്നു ആത്മഹത്യ. തൊട്ടടുത്തായി വീടുകളില്ലാതിരുന്നതും പുരയിടത്തിന് ചുറ്റുമതില്‍ ഉണ്ടായിരുന്നതും കാരണം തീ കത്തുന്നത് സമീപവാസികള്‍ ശ്രദ്ധിച്ചില്ല.

പുകയും മറ്റും ഉയരുന്നത് കണ്ടുവെങ്കിലും മാലിന്യങ്ങള്‍ കത്തിക്കുകയാണെന്നാണ് കരുതിയതെന്ന് സമീപവാസികള്‍ പറഞ്ഞു. പിന്നീട് സഹോദരന് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇളയമകളുടെ വിവാഹനിശ്ചയം ഈയിടെയാണ് കഴിഞ്ഞത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹം പേസ്‌മേക്കര്‍ സ്ഥാപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നിരുന്നാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണത്തിനു ശേഷമേ കാരണം കണ്ടെത്താനാകൂവെന്ന് പോലീസ് പറഞ്ഞു.