ഹിജാബ് ധരിക്കുന്നില്ല ; അഫ്ഗാനിൽ സ്ത്രീകൾക്ക് ജിമ്മിൽ പ്രവേശിക്കുന്നതിന് വിലക്ക്

ഹിജാബ് ധരിക്കുന്നില്ല ; അഫ്ഗാനിൽ സ്ത്രീകൾക്ക് ജിമ്മിൽ പ്രവേശിക്കുന്നതിന് വിലക്ക്

November 11, 2022 0 By Editor

അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് ജിമ്മിൽ പ്രവേശിക്കുന്നതിന് വിലക്ക്. ബുധനാഴ്ച സ്ത്രീകളെ അമ്യൂസ്‌മെൻ്റ് പാർക്കുകളിൽ നിന്ന് വിലക്കി താലിബാൻ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജിമ്മിൽ പ്രവേശിക്കുന്നതിൽ നിന്നും സ്ത്രീകളെ താലിബാൻ വിലക്കിയിരിക്കുന്നത്. അസോസിയേറ്റഡ് പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഹിജാബ് ധരിക്കുന്നതടക്കമുള്ള നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ നിർബന്ധിതരായതെന്ന് താലിബാൻ വക്താവ് മുഹമ്മദ് അകെഫ് മൊഹാജെർ പറഞ്ഞു. കഴിഞ്ഞ 15 മാസങ്ങളായി പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ദിവസങ്ങൾ ഏർപ്പെടുത്തി. പക്ഷേ, ഈ നിയമങ്ങളൊന്നും ആരും അനുസരിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. പാർക്കുകളിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ചുകണ്ടു. സ്ത്രീകൾ ഹിജാബ് ധരിച്ചതായി കണ്ടതുമില്ല. അതുകൊണ്ട് ജിമ്മുകളിൽ നിന്നും പാർക്കുകളിൽ നിന്നും സ്ത്രീകളെ വിലക്കിയിരിക്കുന്നു. ജിമ്മുകളും പാർക്കുകളും ഇടക്കിടെ പരിശോധിക്കുമെന്നും മൊഹാജെർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച രാജ്യത്ത് താലിബാൻ ഹുക്ക നിരോധിച്ചിരുന്നു. ഷീഷ എന്നറിയപ്പെടുന്ന ഹുക്ക ലഹരിവസ്തുവാണെന്നും ഇത് ഇസ്ലാമിക നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുന്നതാണ് പുതിയ തീരുമാനം. തകർച്ച നേരിടുന്ന സാമ്പത്തിക രംഗം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിരോധനത്തിനു പിന്നാലെ ഹെറാത്ത് പ്രവിശ്യയിലെ നിരവധി ഷീഷ കഫേകൾ അടച്ചുപൂട്ടി. വലിയൊരു വിഭാഗം സാധാരണക്കാരുടെ വരുമാനവും ഇതോടെ വഴിമുട്ടി. ഹുക്ക സൗകര്യമുള്ള റെസ്റ്ററൻ്റുകളിൽ ആൾത്തിരക്ക് കുറഞ്ഞതോടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയുമുണ്ട്. ഹുക്ക നിരോധനത്തെത്തുടർന്ന് ഹെറാത്ത് പ്രവിശ്യയിൽ മാത്രം ഏതാണ്ട് 2,500 പേർക്ക് ജോലി നഷ്‌ടപ്പെട്ടതായാണ് റിപ്പോർട്ട്.