ട്രെയിന്‍ ഗതാഗതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തി

August 20, 2018 0 By Editor

പാലക്കാട്: പ്രളയത്തെ തുടര്‍ന്ന് അവതാളത്തിലായ ട്രെയിന്‍ ഗതാഗതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തി. പാലക്കാട് കോയമ്പത്തൂര്‍ ചെന്നൈ റൂട്ടുകളില്‍ പൂര്‍ണമായും സര്‍വീസുകള്‍ തുടങ്ങി. തൃശൂര്‍ എറണാകുളം റൂട്ടില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലത് റദ്ദാക്കിയതൊഴികെ ബാക്കിയെല്ലാം സാധാരണ നിലയിലായി.

മുംബൈ-കന്യാകുമാരി ജയന്തി ജനത ഒമ്പത് മണിക്കൂര്‍ വൈകി 12.18ന് തൃശൂരില്‍ നിന്ന് പുറപ്പെട്ടു. നിസാമുദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി 11.20ന് തൃശൂരില്‍ നിന്ന് പുറപ്പെട്ടു.

മംഗലാപുരത്ത് നിന്ന് കോയമ്പത്തൂര്‍ വരെ പോകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. 12602ചെന്നൈ മെയില്‍, 12686 മംഗലാപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 16603 മാവേലി എക്‌സ്പ്രസ്, 16630 മലബാര്‍ എക്‌സ്പ്രസ്, 56656 മംഗലാപുരം കണ്ണൂര്‍ പാസഞ്ചര്‍, 16687 മംഗലാപുരം മാതാ വൈഷ്‌ണോദേവി കത്ര നവ്യുഗ് എക്‌സ്പ്രസ്, 22638 മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ വണ്ടികള്‍ കൃത്യസമയത്ത് തന്നെ യാത്ര നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.

യാത്ര റദ്ദാക്കിയ ട്രെയിനുകളെസംബന്ധിച്ച വിവരങ്ങള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യഥാസമയം നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.