തലമുറകളായി കൈമാറിക്കിട്ടിയ ഭൂമിക്ക് രേഖകളില്ല: സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ഒരു കുടുംബം

തലമുറകളായി കൈമാറിക്കിട്ടിയ ഭൂമിക്ക് രേഖകളില്ല: സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ഒരു കുടുംബം

May 26, 2018 0 By Editor

മുക്കം: പത്ത് സെന്റ് സ്ഥലവും ഒരു കൂരയുമുണ്ടെങ്കിലും കിടപ്പാടം ഇല്ലാത്തവരെ പോലെ ജീവിക്കേണ്ടി വരുന്നവരാണ് കാരശേരി പഞ്ചായത്തിലെ നാഗേരി കുന്നത്തു വീട്ടില്‍ പ്രമോദും ഭാര്യയും മൂന്ന് പിഞ്ചു കുട്ടികളും അടങ്ങുന്ന കുടുംബം.

ഇവര്‍ക്ക് തലമുറകളായി കൈമാറിക്കിട്ടിയ ഭൂമിയുടെ രേഖകള്‍ സംബന്ധിച്ച നൂലാമാലകളാണ് ഈ കുടുംബത്തെ ദുരിതത്തിലാക്കിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രമോദിന്റെ അച്ഛന്റെ അച്ഛനായ ചേന്നന്‍ വാങ്ങിയതാണ് ഇന്ന് ഇവര്‍ താമസിക്കുന്ന സ്ഥലം. എന്നാല്‍ അന്ന് സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നില്ല. മൂന്ന് തലമുറകളായി കൈമാറിക്കിട്ടിയ ഈ സ്ഥലം ഇന്ന് രേഖകളില്ലാത്ത ഭൂമിയായതിനാല്‍ സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല. കുടുംബത്തിന് വൈദ്യുതിയോ റേഷന്‍ കാര്‍ഡോ നല്ലൊരു കക്കൂസോ ഇല്ല.

തെങ്ങുകയറ്റ തൊഴിലാളിയായ പ്രമോദിന് ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ ദിവസങ്ങളായി ജോലിക്കു പോകുന്നില്ല.
ദുരിതം കണ്ടറിഞ്ഞ് ഭൂമിയുടെ രേഖകള്‍ ക്രമപ്പെടുത്താന്‍ നാട്ടുകാര്‍ ജനപ്രതിനിധികളെയും റവന്യൂ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും കണ്ടു പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല.