തട്ടുകടക്കാരനെ മര്‍ദ്ദിച്ചു: കൊടുവള്ളിയില്‍ ഇന്ന് ഹര്‍ത്താല്‍

August 27, 2018 0 By Editor

കൊടുവള്ളി: കൊടുവള്ളിയില്‍ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം. ദേശീയപാതയില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജിന് എതിര്‍വശം തട്ടുകട നടത്തുന്ന കൊടുവള്ളി ആലപ്പുറായില്‍ അബ്ദുല്‍ കരീമി(40)നെയാണ് ഒരു സംഘം കുത്തിയും അടിച്ചും പരുക്കേല്‍പ്പിച്ചത്. ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം പ്രകോപനം കൂടാതെ കടയുടമയോട് കയര്‍ക്കുകയും കത്തിയെടുത്തു കുത്തുകയുമായിരുന്നു. കയ്യിലാണ് കുത്തേറ്റത്. കൂടാതെ കഴുത്തിനും കൈയ്ക്കും പുറത്തും അടിച്ചു പരുക്കേല്‍പ്പിച്ചു.

അബ്ദുല്‍ കരീമിനെ വെണ്ണക്കാട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിലെ ഫര്‍ണിച്ചറും പാത്രങ്ങളും തകര്‍ത്തിട്ടുമുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് കൊടുവള്ളി പിഎസ്‌കെ ലോഡ്ജ് ഉടമ ഷൗക്കത്തിനെ ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പ്പിച്ച സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ലഹരിസംഘം രാത്രി കൊടുവള്ളി ടൗണിന്റെ വിവിധയിടങ്ങളില്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും പ്രതികരിക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്.

വ്യാപാരിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാഫി,മുഹമ്മദ് തമീം എന്നിവര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പി.ടി.എ. ലത്തീഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് കൊടുവള്ളി ടൗണില്‍ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കാനും തീരുമാനിച്ചു. രാവിലെ 10ന് പൊതുയോഗവും പ്രകടനവുമുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു വരെ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും കടകളടച്ച് പ്രതിഷേധിക്കും.