തവിഷി പെരേരയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരെഴുതുന്ന കോളം ഒഴിഞ്ഞു കിടക്കും: ഇന്ത്യയിലെ ആദ്യത്തെ ‘അച്ഛനില്ലാത്ത കുട്ടി’

May 20, 2018 0 By Editor

ചെന്നൈ: ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ മധുമിത രമേശിന് ഇനി ആശ്വസിക്കാം. മധുമിതയുടെ മകള്‍ തവിഷി പെരേ ഇന്ത്യയില്‍ ആദ്യത്തെ ‘അച്ഛനില്ലാത്ത കുട്ടി ആയേക്കും. തവിഷിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനി അച്ഛന്റെ പേരെഴുതുന്ന കോളം ഒഴിഞ്ഞു കിടക്കും. എളുപ്പമായിരുന്നില്ല മധുമിതക്ക് ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര. രണ്ടു തവണ ഇതിനായി മധുമിത ഹൈകോടതിയെ കേസുമായി സമീപിച്ചു.

മധുമിത തന്റെ ഭര്‍ത്താവ് ചരണ്‍രാജുമായി പരസ്പര സമ്മതപ്രകാരം വിവാഹമോചനം നേടിയ ശേഷം 2017 ഏപ്രിലില്‍ കൃത്രിമ ബീജ നിക്ഷേപ ചികിത്സയിലൂടെ ഗര്‍ഭം ധരിക്കുകയായിരുന്നു. എന്നാല്‍ ട്രിച്ചി നഗരസഭ കമീഷണര്‍ ബീജ ദാതാവായ മനീഷ് മദന്‍പാല്‍ മീന എന്നയാളുടെ പേര് കുഞ്ഞിന്റെ പിതാവിന്റെ സ്ഥാനത്ത് ചേര്‍ത്ത് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കി. ഈ പേര് ഒഴിവാക്കി കിട്ടാന്‍ അധികൃതരെ സമീപിച്ചെങ്കിലും പേര് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും അക്ഷര പിശക് ശരിയാക്കാന്‍ മാത്രമേ നിര്‍വാഹമുള്ളു എന്നും പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു.

സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മധുമിത ഹൈകോടതിയെ സമീപിച്ചെങ്കിലും ഈ വിഷയം ജനന മരണ വിഭാഗം രജിസ്ട്രാറാണ് പരിഹരിക്കേണ്ടതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈകഴുകി. മധുമിത വീണ്ടും കോടതിയെ സമീപിച്ചു. മനീഷ് മദന്‍പാല്‍ മീനയുടെ പേര് പിതാവിന്റെ കോളത്തില്‍ തെറ്റായി എഴുതി ചേര്‍ക്കുകയായിരുന്നെന്ന് മധുമിതയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കൂടാതെ തങ്ങള്‍ രണ്ടുപേരും കുട്ടിയുടെ പിതാവല്ലെന്നു കാണിച്ച് മദന്‍പാല്‍ മീനയും മധുമിതയുടെ ഭര്‍ത്താവ് ചരണ്‍രാജും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്ന് കൃത്രിമ ബീജ നിക്ഷേപ ചികിത്സയിലൂടെയാണ് ഗര്‍ഭം ധരിച്ചതെന്ന് വ്യക്തമായതോടെ കോടതി ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ കോളത്തില്‍ നിന്ന് മദന്‍പാല്‍ മീനയുടെ പേര് ഒഴിവാക്കാനും കോളം ഒഴിച്ചിടാനും അനുവദിക്കുകയായിരുന്നു.