തെരുവുനായ വന്ധ്യംകരണത്തിനായി മൊബൈല്‍ സര്‍ജറി യൂണിറ്റ്

May 20, 2018 0 By Editor

തിരുവനന്തപുരം: തെരുവുനായകളെ വന്ധ്യംകരിക്കാന്‍ മൊബൈല്‍ സര്‍ജറി യൂണിറ്റുമായി കുടുംബശ്രീ. തെരുവില്‍നിന്നു പിടികൂടുന്ന നായ്ക്കളെ വാഹനത്തില്‍ ഒരുക്കിയ ഓപറേഷന്‍ തിയറ്ററില്‍വച്ചു വന്ധ്യംകരണ ശസ്ത്രക്രിയ നടത്തും. സമീപത്തുള്ള മൃഗാശുപത്രിയില്‍ തുടര്‍പരിചരണം നല്‍കി പിടികൂടിയ സ്ഥലത്തുതന്നെ തിരികെ വിടും.

മുദാക്കല്‍ പഞ്ചായത്തിലെ കുടുംബശ്രീ സംരംഭകരായ ടി.ജി. രജനി, ജീവശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ മൊബൈല്‍ സര്‍ജറി യൂണിറ്റ് തുടങ്ങിയത്. സംരംഭം തുടങ്ങാന്‍ ഇന്നവേഷന്‍ ഫണ്ടായി കുടുംബശ്രീ മൂന്നര ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മൂന്നു ലക്ഷം രൂപയും നല്‍കിയിരുന്നു. 10 ലക്ഷം രൂപ ബാങ്ക് വായ്പയും എടുത്ത് വാഹനം വാങ്ങി അതില്‍ ഓപറേഷന്‍ തിയേറ്റര്‍ അടക്കമുള്ളവ ഒരുക്കി. ഓപറേഷന്‍ ടേബിള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഓട്ടോക്‌ളേവ്, ഫ്രിഡ്ജ്, അലമാര, വാട്ടര്‍ ടാങ്ക്, വയറിങ്ങ് ഉള്‍പ്പെടെ എല്ലാ സൗകര്യവും വാഹനത്തിലുണ്ട്. ശസ്ത്രക്രിയ ചെയ്യാനായി കുടുംബശ്രീ എംപാനല്‍ ചെയ്ത വിദഗ്ധ ഡോക്ടര്‍മാരും രണ്ടു മെഡിക്കല്‍ അസിസ്റ്റന്റ്മാരും വാഹനത്തെ അനുഗമിക്കും. ഇതുവരെ മുപ്പതോളം നായ്ക്കള്‍ക്ക് മൊബൈല്‍ യൂണിറ്റില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഇതു സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില്‍ തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിച്ചിരുന്നു. ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളില്‍ അടുത്ത മാസം പദ്ധതി തുടങ്ങും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 13320 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ശസ്ത്രക്രിയാനന്തര പരിചരണവും നല്‍കി വിട്ടയച്ചു.