തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തോല്‍വി ഉറപ്പ്: കോണ്‍ഗ്രസ് വിജയം തൂത്തുവാരുമെന്ന് സര്‍വെ ഫലം

August 14, 2018 0 By Editor

ഡല്‍ഹി: വരുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെടുമെന്ന് അഭിപ്രായ സര്‍വെ. മൂന്നിടങ്ങളിലും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുമെന്ന് സര്‍വെയില്‍ പറയുന്നു. എന്നാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോദി പ്രഭാവം ബിജെപിയെ തുണയ്ക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു. എബിപി ന്യൂസും സീ വോട്ടറും സംയുക്തമായി നടത്തിയ സര്‍വെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് സര്‍വെയില്‍ പറയുന്നത്. മധ്യപ്രദേശില്‍ 230 ല്‍ 117 സീറ്റും ഛത്തീസ്ഗഢില്‍ 90 ല്‍ 54 സീറ്റും രാജസ്ഥാനില്‍ 200 ല്‍ 130 സീറ്റുകളും കോണ്‍ഗ്രസ് നേടും. ബിജെപിക്ക് ഇവിടങ്ങളില്‍ യഥാക്രമം 106, 33, 57 സീറ്റുകളാകും ലഭിക്കുക. സര്‍വെ പറയുന്നു. 28,000 ആളുകളാണ് സര്‍വെയില്‍ പങ്കെടുത്തത്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോടാണ് സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷവും അനുഭാവം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയെ ആണ് ഭൂരിഭാഗവു ഉയര്‍ത്തിക്കാട്ടുന്നത്. രണ്ടാം സ്ഥാനത്ത് രാഹുല്‍ ഗാന്ധി ഉണ്ടെങ്കിലും മോദിയേക്കാള്‍ വളരെ പുറകിലാണ്.

രാജസ്ഥാന്‍

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 51 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് സര്‍വെയില്‍ പറയുന്നത്. ബിജെപിയുടെ വോട്ട് വിഹിതം 37 ശതമാനത്തില്‍ ഒതുങ്ങും. 200 ല്‍ 130 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമ്‌ബോള്‍ ബിജെപിയ്ക്ക് 57 സീറ്റുകളാണ് ലഭിക്കുക. കഴിഞ്ഞ തവണ 163 സീറ്റുകളോടെയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്.

ഈ വര്‍ഷമാദ്യം സംസ്ഥാനത്ത് നടന്ന ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നാലും രണ്ട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 41 ശതമാനത്തിന്റെ പിന്തുണ മുതിര്‍ന്ന നേതാവ് അശോക് ഗെഹ്‌ലോട്ടിനാണ്. 18 ശതമാനം ആളുകള്‍ മാത്രമാണ് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 47 ശതമാനം വോട്ടുകളോടെ മുന്നിലെത്തുമെന്നാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസിന് 43 ശതമാനം വോട്ടുകള്‍ ലഭിക്കും. 55 ശതമാനം ആളുകളും മോദി പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് 22 ശ്തമാനം ആളുകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

മധ്യപ്രദേശ്

കഴിഞ്ഞ 15 വര്‍ഷങ്ങളായി ഭരണത്തിലുള്ള മധ്യപ്രദേശിലും ബിജെപിക്ക് തിരിച്ചടി ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. എങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ഒരു സാധ്യതയാണ് സര്‍വെ നല്‍കുന്നത്. കോണ്‍ഗ്രസിന് 42 ശതമാനവും ബിജെപിയ്ക്ക് 40 ശതമാനവും വോട്ടുകള്‍ ലഭിക്കും. ആകെയുള്ള 230 സീറ്റുകളില്‍ 117 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വെ പറയുന്നു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍മുന്നേറ്റം നടത്തും. ബിജെപിയ്ക്ക് 46 ശതമാനം വോട്ടുകള്‍ ലഭിക്കുമ്‌ബോള്‍ കോണ്‍ഗ്രസ് 39 ശതമാനത്തില്‍ ഒതുങ്ങും. മോദി പ്രധാനമന്ത്രിയാകണമെന്ന് 54 ശതമാനം ആളുകളും രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് 25 ശതമാനം ആളുകളും ആഗ്രഹിക്കുന്നു.

ഛത്തീസ്ഗഢ്

ഛത്തീസ്ഗഢിലും ബിജെപിയ്ക്ക് ഇത്തവണ ഭരണം നഷ്ടമാകും. എന്നാല്‍ വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രമാകും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാവുക. കോണ്‍ഗ്രസ് 40 ശതമാനം വോട്ടുകള്‍ നേടുമ്‌ബോള്‍ 39 ശതമാനമ വോട്ടുകളുമായി തൊട്ടുപിന്നില്‍ ഉണ്ടാകുമെന്നാണ് സര്‍വെ പറയുന്നത്. എന്നാല്‍ 90 സീറ്റുകളില്‍ 54 സീറ്റുകളുമായി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും. സര്‍വെ പറയുന്നു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് വരുമ്‌ബോള്‍ ഛത്തീസ്ഗഢിലും ബിജെപിയുടെ മേല്‍ക്കൈയാണ് സര്‍വെയില്‍ കാണുന്നത്. ബിജെപി 46 ശതമാനം വോട്ടുകള്‍ നേടുമ്‌ബോള്‍ കോണ്‍ഗ്രസിന് 36 ശതമാനം വോട്ടുകള്‍ മാത്രമെ ലഭിക്കൂവെന്ന് സര്‍വെ പറയുന്നു. 56 ശതമാനം ആളുകളും മോദി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. രാഹുലിന് 21 ശതമാനം ആളുകളുടെ പിന്തുണമാത്രമാണ് ഇക്കാര്യത്തില്‍ ഉള്ളത്.