തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റില്‍ അണുബാധ

July 10, 2018 0 By Editor

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ ഉണ്ടായിരുന്നുവെന്ന വിവരം പുറത്തായി. ഡയാലിസിസിന് വിധേയരായ ആറ് രോഗികളെയാണ് ബാധിച്ചത്. ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയാ ബാധയാണ് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്കില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റില്‍ അണുബാധ ഉണ്ടാകുന്നത്. ഡയാലിസിസിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിലുണ്ടായ പിഴവോ വെള്ളം ശുദ്ധമല്ലാത്തതോ ആകാം ബാക്ടീരിയ ബാധയ്ക്ക് കാരണമെന്ന് കരുതുന്നു. വൃക്ക തകരാറിനെ തുടര്‍ന്ന് ശാരീരികമായി അവശരായി കഴിയുന്ന രോഗികള്‍ക്ക് രോഗപ്രതിരോധ ശേഷിയും നന്നെ കുറവാണ്. ബാക്ടീരിയ ബാധയുണ്ടായാല്‍ ശ്വാസകോശം, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകാനും സന്ധികളില്‍ നീര്‍ക്കെട്ടിനും കാരണമാകും.

കാരുണ്യയുടെ ഡയാലിസിസ് യൂണിറ്റ് ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ കത്തിപോയതിന് ശേഷം അവിടെയുള്ള രോഗികളേയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിലാണ് ഡയാലിസിസിന് വിധേയരാക്കുന്നത്. ഇതോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ രോഗികളുടെ തിരക്കായി. ഇതിനിടെ നടത്തിയ പരിശോധനയിലാണ് അഞ്ച് മെഷീനുകളില്‍ അണുബാധ കണ്ടെത്തിയത്. ഇവ അണുവിമുക്തമാക്കി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി.കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഡയാലിസിസ് യൂണിറ്റിന്റെ വാട്ടര്‍ ടാങ്ക് അണുവിമുക്തമാക്കി ബന്തവസ് ചെയ്യാനും ഡയാലിസിസ് യൂണിറ്റിലെ നിലവിലെ വാട്ടര്‍ ട്യൂബുകള്‍ക്ക് പകരം സ്‌റ്റെയിന്‍ലെന്‍സ് സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചതോടെയാണ് അണുബാധ സംഭവം പുറം ലോകം അറിഞ്ഞത്.