തിരുവില്വാമലയിലെ പുനർജ്ജനി നൂഴൽ ചടങ്ങ് ഈ മാസം 19 ന്

തിരുവില്വാമലയിലെ പുനർജ്ജനി നൂഴൽ ചടങ്ങ് ഈ മാസം 19 ന്

November 11, 2018 0 By Editor

വടക്കാഞ്ചേരി: തിരുവില്വാമല വില്ലാ(ദി മലയിലെ പുനർജ്ജനി നൂഴൽ ചടങ്ങ് ഈ മാസം 19 ന് നടക്കും. ഗുരുവായൂർ ഏകാദശി ദിവസമാണ് ഭക്തർ വില്വമലയിലെ പുനർജ്ജനി നൂഴുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ നിന്നും നിരവധി പേരാണ് ഗുരുവായൂർ ഏകാദശി ദിവസം തിരുവില്വാമലയിലെത്തി പുനർജ്ജനി നൂഴുക. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ചടങ്ങാണ് ഇത്. പുനർജ്ജനി ഗുഹ നൂഴ്ന്ന് മറുഭാഗത്ത് എത്തുന്നതോടെ ജന്മപാപങ്ങളിൽ നിന്നും മുക്തി നേടി പുതിയൊരു മനുഷ്യനായി പുനർജനിക്കുന്നുവെന്നാണ് വിശ്വാസം.

പുരുഷൻമാർക്കു മാത്രമാണ് ഗുഹ നൂഴാൻ അനുവാദമുള്ളത്. 19 ന് പുലർച്ചേ മൂന്ന് മണിയോടെ ആരംഭിക്കുന്ന ചടങ്ങുകൾ 20 ന് പുലർച്ചേ വരേ നീളും. ക്ഷേത്രത്തിലെ മേൽശാന്തിയും, സഹകാർമ്മികരും ഏകാദശി ദിവസം കാലത്ത് ഗുഹാമുഖത്തെത്തി പൂജകൾക്കു ശേഷം നെല്ലിക്ക ഉരുട്ടുന്നതോടേയാണ് ചടങ്ങുകൾ ആരംഭിക്കുക. ഗുഹാമുഖത്തു നിന്നും ഉരുട്ടി വിടുന്ന നെല്ലിക്ക ഉരുണ്ട് മറ്റു ഭാഗത്തെത്തും എന്നാണ് വിശ്വാസം .തുടർന്ന് ആദ്യം മേൽശാന്തിയും, മേൽശാന്തിക്കപ്പുറകേ തദ്ദേശിയരുമാണ് ഗുഹ നൂഴുക. ആദ്യം നടന്നു പോകാവുന്ന തെന്നു തോന്നിക്കുമെങ്കിലും, തുടർന്ന് ഇരുന്നും, ഇഴഞ്ഞും ഒരു വശം ചരിഞ്ഞു മൊക്കേ നീങ്ങി വേണം ഗുഹയുടെ മറു വശത്തെത്താൻ. ഒരു സമയം ഒരാൾക്ക് മാത്രമാണ് ഗുഹ നൂഴാൻ കഴിയുക. പോലീസ്, അഗ്നിശമന സേന, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയൊരുക്കിയാണ് ഗുഹ നൂഴൽ ചടങ്ങ് നടക്കുക. 18 ന് വൈകീട്ടു തന്നെ ക്ഷേത്രത്തിൽ ടോക്കൺ വിതരണം ആരംഭിക്കും. ടോക്കൺ നമ്പർ പ്രകാരമായിരിക്കും ഭക്തരെ ഗുഹ നൂഴാൻ അനുവദിക്കുക.

(റിപ്പോർട്ട് : സിന്ദൂര നായർ )