തൂത്തൂക്കുടി കോപ്പര്‍ പ്ലാന്റ് സമരം: പോലീസിന്റെ വെടിയേറ്റ് നാല് പേര്‍ മരിച്ചു

May 22, 2018 0 By Editor

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായി. വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരമാണ് അക്രമാസക്തമായത്. തുടര്‍ന്ന് സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നാട്ടുകാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു മാസമായി തുടരുന്ന സമരത്തില്‍ ഇന്ന് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. ലോങ് മാര്‍ച്ച് പ്ലാന്റിനു മുന്നില്‍ പൊലീസ് തടഞ്ഞതാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. മാര്‍ച്ച് തടഞ്ഞതോടെ പ്രകോപിതരായ സമരക്കാര്‍ പൊലീസിനു നോരെയും പ്ലാന്റിനു നേരെയും കല്ലേറു നടത്തുകയായിരുന്നു. പൊലീസ് വാഹനം മറിച്ചിടുകയും നശിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

അക്രമം നിയന്ത്രണാതീതമായതോടെ സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കല്ലേറിലും ലാത്തിച്ചാര്‍ജിലും സമരക്കാരും പൊലീസുകാരുമുള്‍പ്പെടെ 100 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില വാഹനങ്ങള്‍ സമരക്കാര്‍ തീയിട്ട് നശിപ്പിച്ചു. പ്ലാന്റ് പ്രവര്‍ത്തിക്കുന്നതു മൂലം പ്രദേശത്തെ വെള്ളം മലിനമാകുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

ഹൈകോടതി ഉത്തരവ് പ്രകാരം പ്ലാന്റിന് സംരക്ഷണം നല്‍കാന്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ പ്ലാന്റിലേക്കുള്ള മാര്‍ച്ചിന് അനുമതി നല്‍കാനാകില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ച് നടത്തിയ സമരക്കാര്‍ പ്ലാന്റിലേക്ക് കടക്കാതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്.