തൃശ്ശൂര്‍ ഇന്ധന വിതരണത്തിന് നിയന്ത്രണം: സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് കളക്ടര്‍

August 17, 2018 0 By Editor

തൃശൂര്‍: തൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാതയിലൂടെ രണ്ടു ദിവസമായി ഗതാഗതം തടസപ്പെട്ടതോടെ തൃശൂര്‍ ജില്ലയിലെ പെട്രോള്‍ പന്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഇതേതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പോലും ഇന്ധനക്ഷാമം അനുഭവപ്പെടുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് കളക്ടര്‍ ടി വി അനുപമ നിര്‍ദേശം നല്‍കി.

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുവാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ഇന്ധനം ആവശ്യമാണ്. ക്ഷാമം മുന്നില്‍ കണ്ട് ചിലര്‍ കന്നാസുകളിലും മറ്റും ഇന്ധനം ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് കളക്ടര്‍ കര്‍ശന നിലപാടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടാതിരിക്കാനാണ് നപടി.

കുതിരാനില്‍ വന്‍ തോതില്‍ മണ്ണിടിഞ്ഞതാണ് ദേശീയപാത വഴി ഗതാഗതം സ്തംഭിക്കാന്‍ കാരണമായത്. രണ്ടു ദിവസമായി ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങള്‍ കാത്തുകിടക്കുകയാണ്. അതിനിടെ ഇന്ന് രാവിലെയും കുതിരാനില്‍ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്ടാന്പി വഴിയും തൃശൂരിലേക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ വഴിയുള്ള പാലങ്ങളിലെല്ലാം വെള്ളം കയറിയതാണ് സ്ഥിതി ഗുരുതരമാക്കിയത്.