ട്രംപ്-കിം ആദ്യ കൂടിക്കാഴ്ച്ച ജൂണ്‍ 12ന്: എങ്ങും കനത്ത സുരക്ഷ

June 6, 2018 0 By Editor

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംങ്ങും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ജൂണ്‍ 12ന് നടക്കും. സിംഗപ്പൂര്‍ സമയം രാവിലെ 9നാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. ഈസ്റ്റ് കോസ്റ്റ് സമയമനുസരിച്ച് രാവിലെ 11 മണിക്കാണെന്നും വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സിംഗപ്പൂരിലെ പ്രധാന ദ്വീപായ സെന്റോസയിലെ കാംപെല്ലയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തീയായതായി വൈറ്റ്ഹൗസ് വക്താക്കള്‍ അറിയിച്ചു.

ഉച്ചകോടി നടക്കുന്ന സിംഗപ്പൂരില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ സിംഗപ്പൂരില്‍ 11, 12, 13 ദിവസങ്ങളില്‍ ചില ഭാഗങ്ങളില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഐസിഎഒയും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും വ്യക്തമാക്കി.

സിംഗപ്പൂര്‍ ചാംങ്ങി എയര്‍പോര്‍ട്ടിലേക്ക് വരുന്ന എല്ലാ വിമാനങ്ങളുടെയും വേഗത കുറയ്ക്കുകയും, റണ്‍വേ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് വ്യോമയാന അതോറിറ്റി വ്യക്തമാക്കി. ദേശീയ സുരക്ഷാകാരണങ്ങളാലാണ് സുരക്ഷ ശക്തമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉച്ചകോടിക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്ന സമയത്ത്, സിംഗപ്പൂര്‍ നഗരത്തിന്റെ ചില ഭാഗങ്ങള്‍ ജൂണ്‍ 10 മുതല്‍ 14 വരെ പ്രത്യേക സ്‌പെഷ്യല്‍ ഏരിയകളായി കണക്കാക്കപ്പെടുന്നു. വിദേശകാര്യ മന്ത്രാലയത്തിലും അമേരിക്കന്‍ എംബസിയിലും ചില ഹോട്ടലുകളിലും സെന്റോസ ദ്വീപിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.