ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ ഉല്‍പ്പാദനം ഇടിഞ്ഞു

August 30, 2018 0 By Editor

ന്യൂഡല്‍ഹി: 2017-18 വിളവര്‍ഷത്തില്‍ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ ഉല്‍പ്പാദനം ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 30ന് അവസാനിച്ച വിളവര്‍ഷം സംബന്ധിച്ച് കാര്‍ഷിക മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017-18 വിളവര്‍ഷത്തില്‍ ഏകദേശം 22 മില്യണ്‍ ടണ്‍ ഉള്ളിയാണ് ഉല്‍പ്പാദിപ്പിച്ചതെന്ന് മന്ത്രാലയത്തിന്റെ മൂന്നാം അഡ്വാന്‍സ് എസ്റ്റിമേറ്റില്‍ പറയുന്നു. 201617 വിളവര്‍ഷത്തില്‍ 22.4 മില്യണ്‍ ടണ്‍ ഉള്ളിയായിരുന്നു ഉല്‍പാദിപ്പിച്ചത്.

2016-17ല്‍ 48.6 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിച്ച ഉരുളക്കിഴങ്ങ് ഇത്തവണ 48.5 മില്യണ്‍ ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം 20.7 മില്യണ്‍ ടണ്ണുണ്ടായിരുന്ന തക്കാളി ഉല്‍പ്പാദനം ഇത്തവണ 19.4 മില്യണ്‍ ടണ്ണിലേക്ക് താഴ്ന്നിരുന്നു. എന്നിരുന്നാലും മൊത്തത്തിലുള്ള പച്ചക്കറി ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം ഉയര്‍ന്ന് 179.7 മില്യണ്‍ ടണ്ണിലേക്കെത്തി.

പഴങ്ങളുടെ ഉല്‍പ്പാദനം മുന്‍ വര്‍ഷത്തേതില്‍ നിന്നും 4.5 ശതമാനം വര്‍ധിച്ച് 97 മില്യണ്‍ ടണ്ണായി. മൊത്തം ഹോള്‍ട്ടി കള്‍ച്ചര്‍ ഉല്‍പ്പാദനം 2016 17നെ അപേക്ഷിച്ച് 2.05 ശതമാനം ഉയര്‍ന്ന് 306.8 മില്യണ്‍ ടണ്ണായെന്നാണ് കണക്കാക്കുന്നത്.