ഉപരോധത്തിനെതിരെ പോരാടും: സ്വകാര്യ കമ്പനികള്‍ക്ക് എണ്ണ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇറാന്‍

July 3, 2018 0 By Editor

ഇറാന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്വകാര്യ കമ്പനികള്‍ക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ അവസരം ഒരുക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു. സൗദി അറേബ്യ ഉള്‍പ്പെടെ ഒപെക് രാജ്യങ്ങളുടെ പിന്തുണയും തങ്ങള്‍ക്കുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് ഇറാന്‍ നേതൃത്വം.

ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഇറാനെതിരെ കടുത്ത ഉപരോധ നടപടികളാണ് അമേരിക്ക കൈക്കൊള്ളുന്നത്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ നിലപാട് പുന:പരിശോധിക്കുമെന്നാണ് യു.എസിന് പ്രതീക്ഷയുള്ളത്. എന്നാല്‍ ചൈന ഇതിനു വഴങ്ങാന്‍ ഒരുക്കവുമല്ല. ഇന്ത്യയാകട്ടെ, ട്രംപ് ഭരണകൂടത്തെ പിണക്കാതിരിക്കാന്‍ ഇറക്കുമതിയില്‍ ആനുപാതിക കുറവ് വരുത്താന്‍ നിര്‍ബന്ധിതമാകും.

ഈ സാഹചര്യത്തിലാണ് സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് നേരിട്ട് എണ്ണ ഇറക്കുമതിക്ക് ഇറാന്‍ അവസരം ഒരുക്കുന്നത്. യു.എസ് സമ്മര്‍ദ്ദം മറികടക്കാന്‍ ഉദാര നിലപാടും നടപടികളും സ്വീകരിക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ സ്വകാര്യ എണ്ണ കമ്പനികളുമായി ഇതുസംബന്ധിച്ച ചര്‍ച്ച ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതാത് രാജ്യങ്ങള്‍ക്ക് മാത്രം എണ്ണ ഇറക്കുമതിക്ക് അനുമതി നല്‍കുന്ന രീതിയാണ് ഇതുവരെ ഇറാന്‍ പിന്തുടര്‍ന്നത്.

ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും യു.എസ് സമ്മര്‍ദ്ദത്തിനെതിരെ ജനങ്ങള്‍ തന്നെ രംഗത്തു വരുമെന്നും ഇറാന്‍ നേതൃത്വം കണക്കുകൂട്ടുന്നു.