ഉരുട്ടിക്കൊല കേസ്: രണ്ട് പൊലീസുകാര്‍ക്ക് തൂക്കുമരം

ഉരുട്ടിക്കൊല കേസ്: രണ്ട് പൊലീസുകാര്‍ക്ക് തൂക്കുമരം

July 25, 2018 0 By Editor

തിരുവനന്തപുരം : ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടികൊന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഇവരില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിഴയും ഈടാക്കും.

കേസിലെ ആറുപ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തിയിരുന്നു. പൊലീസുകാരായ കെ.ജിതകുമാറിനും എസ്.വി.ശ്രീകുമാറിനുമെതിരായ കൊലക്കുറ്റവും തെളിഞ്ഞു. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. സിബിഐ പ്രത്യേക ജഡ്ജി കെ.നാസറാണു കേസ് പരിഗണിച്ചത്.

ഉദയകുമാറിനെതിരെ വ്യാജ കേസെടുക്കാനായി കൂട്ടുനിന്ന ഫോര്‍ട്ട് സ്റ്റേഷനിലെ എസ്.ഐയായിരുന്ന അജിത് കുമാര്‍, സിഐയായിരുന്ന ഇ.കെ.സാബു, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. അജിത് കുമാര്‍ ഇപ്പോള്‍ ക്രൈം ബ്രാഞ്ചില്‍ ഡി.വൈ.എസ്.പിയാണ്. ഒന്നും രണ്ടും പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മറ്റ് മൂന്നു പ്രതികള്‍ക്കും ഇന്നുവരെ ജാമ്യത്തില്‍ തുടരാന്‍ കോടതിയില്‍ അനുമതി നല്‍കുയായിരുന്നു.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും നഷ്ടപരിഹാരം ഇവരില്‍ നിന്നും ഈടാക്കി ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മക്ക് നല്‍കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. കേസിലെ പ്രതിയായ സോമന്‍ വിചാരണക്കിടെ മരിച്ചിരുന്നു.

2005 സെപംതംബര്‍ 27നാണ് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നും മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്തായ സുരേഷിനെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂറുമാറിയ പ്രധാന സാക്ഷി സുരേഷിനെതിരെ സി.ബി.ഐ നടപടി സ്വീകരിക്കും.