യു.എസില്‍ അതീവ ജാഗ്രതാ നിര്‍ദേശം

യു.എസില്‍ അതീവ ജാഗ്രതാ നിര്‍ദേശം

September 13, 2018 0 By Editor

വാഷിംഗ്ടണ്‍: ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. നിരവധിപ്പേരെ തീരപ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചു. നോര്‍ത്ത് കരോളൈന, സൗത്ത് കരോളൈന, വിര്‍ജീനിയ എന്നിവടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തി ഏറിയ ചുഴറ്റിക്കാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറന്‍സ് തീരത്തേക്ക് അടുത്തതിന് തുടര്‍ന്ന് 15 ലക്ഷത്തോളം ജനങ്ങളോടാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീരത്തേക്ക് അടുക്കുമ്പോഴേക്കും ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചില്‍ എത്തുമെന്നായിരുന്നു ആദ്യ ഘട്ടങ്ങളില്‍ ലഭിച്ചിരുന്ന അറിയിപ്പുകള്‍. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള ഫ്‌ളോറന്‍സിനെ കാറ്റഗറി നാലില്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായാണ് വിലയിരുത്തുന്നത്. അതോടെ കാറ്റഗറി നാലില്‍ നിന്നും ചുഴലിക്കാറ്റിനെ രണ്ടാം കാറ്റഗറിയിലേക്ക് മാറ്റി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശുക.

അമേരിക്ക ഫളോറന്‍സ് ചുഴലിക്കാറ്റിനെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാല്‍ ജനങ്ങളോട് മാറിതാമസിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മിക്കവരും വീടുകളില്‍ തന്നെ താമസിക്കുകയാണ്. എന്നാല്‍ മുന്‍കരുതലായി ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ അത് അനുസരിക്കണം എന്നും ഡോണാള്‍ഡ് ട്രംപ് ജനങ്ങളോട് അറിയിച്ചു.