വാഹന രജിസ്‌ട്രേഷന്‍ നികുതിവെട്ടിപ്പ്: ഫഹദിന് ആശ്വസിക്കാം, സുരേഷ് ഗോപിക്കും അമലാ പോളിനുമെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

വാഹന രജിസ്‌ട്രേഷന്‍ നികുതിവെട്ടിപ്പ്: ഫഹദിന് ആശ്വസിക്കാം, സുരേഷ് ഗോപിക്കും അമലാ പോളിനുമെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

June 17, 2018 0 By Editor

തിരുവനന്തപുരം: പുതുച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കും നടി അമല പോളിനുമെതിരെ ക്രൈംബ്രാഞ്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. അതേസമയം, നികുതി വെട്ടിച്ചെങ്കിലും പിന്നീട് പിഴ അടച്ചതിനാല്‍ മറ്റൊരു നടന്‍ ഫഹദ് ഫാസിലിന്റെ കാര്യം സര്‍ക്കാരായിരിക്കും തീരുമാനിക്കുക. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങളായിരിക്കും ഇവര്‍ക്കെതിരെ ചുമത്തുക. നികുതി വെട്ടിപ്പിന് കൂട്ടുനിന്ന ഒമ്പത് ഷോറൂമുകളേയും പ്രതികളാക്കും.

കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. 2010ലും രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ടു കാറുകള്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 30 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്.

പോണ്ടിച്ചേരിയില്‍ ഒരു എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമല പോള്‍ തന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തനിക്ക് നടിയെ അറിയില്ലെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുതുച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി അമല പോള്‍ ഇന്‍ഷ്വറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ സിനിമാ ഷൂട്ടിംഗിനായി പോകുമ്പോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ സ്ഥിരമായി വാടക വീടുണ്ടെന്നും ആ മേല്‍വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു അമലയുടെ മൊഴി. എന്നാല്‍, പല കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു നില അപാര്‍ട്ട്‌മെന്റിലാണ് അമല താമസിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതേ വീടിന്റെ മേല്‍വിലാസത്തില്‍ മറ്റു പലരും കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അത് അമല പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാടക വീടല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടര്‍ന്നാണ് കേസെടുത്തത്. നടന്‍ ഫഹദ് ഫാസിലും കേസിലുള്‍പ്പെട്ടെങ്കിലും പിന്നീട് ആലപ്പുഴ ആര്‍.ടി.ഒ ഓഫീസില്‍ 17.68 ലക്ഷം രൂപ നികുതിയായി അടയ്ക്കുകയായിരുന്നു.

ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14 മുതല്‍ 20 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ കേരള രജിസ്‌ട്രേഷന്‍ ആക്കിയിരിക്കണമെന്നാണ് നിയമം.