വൈദ്യുതി മന്ത്രി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു

വൈദ്യുതി മന്ത്രി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു

September 8, 2018 0 By Editor

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിന് കെ.എസ്.ഇ.ബി ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നല്‍കുന്നത് ഉറപ്പാക്കാന്‍ വൈദ്യുതി മന്ത്രി എം.എം.മണി വിളിച്ചുചേര്‍ത്ത യോഗം ബഹളത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു. ശമ്പളം നല്‍കാന്‍ സി.ഐ.ടി.യു ഓഫീസേഴ്‌സ് അസോസിയേഷനും എ.ഐ.ടി.യു.സി.യുടെ വര്‍ക്കേഴ്‌സ് ഫെഡറേഷനും സമ്മതിച്ചെങ്കിലും പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തു. ശമ്പളം പിടിച്ചുവാങ്ങരുതെന്നും താത്പര്യമുള്ളവര്‍ക്ക് മാത്രം നല്‍കാമെന്ന നിര്‍ദ്ദേശം വെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ എഴുതി നല്‍കിയാല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശിച്ചതോടെ പ്രതിപക്ഷ ബഹളം തുടങ്ങി.

കെ.എസ്.ഇ.ബി ജീവനക്കാരുടെ സ്ഥലം മാറ്റത്തില്‍ പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നുണ്ടെന്നും അതിന് മന്ത്രിയുടെ ഓഫീസ് കൂട്ടുനില്‍ക്കുന്നുവെന്നും പിന്നീട് ആരോപണമുയര്‍ന്നു.
സ്ഥലം മാറ്റ നടപടികള്‍ സുതാര്യമാണെന്നും പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും മന്ത്രി അറിയിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല. സ്വജനപക്ഷപാതം അവസാനിപ്പിച്ചില്ലെങ്കില്‍ സഹകരിക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി. മിനിസ്റ്റീരിയല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കല്ലിയൂര്‍ മുരളിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘടനാ നേതാക്കള്‍ അറിയിച്ചതോടെ യോഗം പിരിഞ്ഞു.