വിമാനങ്ങള്‍ നേര്‍ക്കു നേര്‍: കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

May 12, 2018 0 By Editor

മുംബൈ: മറ്റൊരു വന്‍ ആകാശ ദുരന്തം ഒഴിവായത് തലനാരിഴക്ക്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലാണ് ഇന്ത്യന്‍ വിമാനങ്ങള്‍ അപകടകരമായ രീതിയില്‍ അടുത്തു വന്നത്. ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900ഡിയുമാണ് ആകാശത്തു നേര്‍ക്കു നേര്‍ വന്നത്. വിമാനങ്ങള്‍ അടുത്തു വന്നപ്പോള്‍ പൈലറ്റുമാര്‍ക്ക് ഓട്ടോമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പ് സന്ദേശമാണ് അപകടം ഒഴിവാക്കാന്‍ സഹായിച്ചത്.

ഈ മാസം രണ്ടിനായിരുന്നു സംഭവം. അഗര്‍ത്തലയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു പോവുകയായിരുന്ന ഇന്‍ഡിഗോയും കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്കു പോവുകയായിരുന്ന എയര്‍ ഡെക്കാനുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയത്. 700 മീറ്റര്‍ വരെ അടുത്തു വന്നതിനു ശേഷമാണ് വിമാനങ്ങള്‍ മാറിപ്പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

9000 അടി ഉയരത്തില്‍ നിന്നും ലാന്‍ഡിങ്ങിനൊരുങ്ങുകയായിരുന്നു എയര്‍ ഡെക്കാന്‍ വിമാനം. അതേസമയം ഇന്‍ഡിഗോ ടേക്ക് ഓഫിനു ശേഷം ഉയര്‍ന്നു വരികയായിരുന്നു. ഇത് 8300 അടി എത്തിയതോടെയാണ് ഓട്ടോമാറ്റിക് സംവിധാനത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചത്. സാധാരണ വിമാനങ്ങള്‍ പാലിക്കേണ്ട അകലത്തില്‍ നിന്ന് വ്യത്യസ്തമായി ഇരുവിമാനങ്ങളും അടുത്തു വന്നതോടെയാണ് ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തനക്ഷമമായത്. ഇതോടെ രണ്ടു പൈലറ്റുമാരും വിമാനങ്ങള്‍ സുരക്ഷിത അകലങ്ങളിലേക്കു മാറ്റി.

സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം(എഎഐബി) ആരംഭിച്ചിട്ടുണ്ട്.