വിധാന്‍ സഭ പരിസരത്ത് നിരോധനാജ്ഞ: ഹൈദരാബാദില്‍ നിന്ന് എം.എല്‍.എമാര്‍ തിരിച്ചെത്തി

വിധാന്‍ സഭ പരിസരത്ത് നിരോധനാജ്ഞ: ഹൈദരാബാദില്‍ നിന്ന് എം.എല്‍.എമാര്‍ തിരിച്ചെത്തി

May 19, 2018 0 By Editor

ബംഗളുരു: കര്‍ണ്ണാടകയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് എം.എല്‍.എമാര്‍ ബംഗളുരുവില്‍ തിരിച്ചെത്തി. ഇന്ന് വൈകുന്നേരം നാലു മണിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീം കോടതി ഇന്നലെ ബി.എസ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 മണിക്ക് സഭാ നടപടികള്‍ തുടങ്ങുന്നത്. പ്രോടേം സ്പീക്കറെ നിയമിച്ചത് സംബന്ധിച്ച കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി രാവിലെ 10.30ന് സുപ്രീം കോടതി പരിഗണിച്ച് തുടങ്ങി.

രാവിലെ പതിനൊന്ന് മണിക്കാണ് സഭ ചേരുക. പ്രോടേം സ്പീക്കര്‍ക്ക് മുമ്പാകെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് മുമ്പ് ഇത് പൂര്‍ത്തിയാക്കണം. നാലിന് യെദ്യൂരപ്പ് സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ് നടക്കും.

സുരക്ഷ കണക്കിലെടുത്ത് വിധാന്‍ സഭയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു രാത്രി 12 വരെയാണ് നിരോധനാജ്ഞ. ബി.ജെ.പി തങ്ങളുടെ രണ്ട് എംഎല്‍.എമാരെ ഹൈജാക്ക് ചെയ്‌തെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. പക്ഷേ അവര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.118 എം.എല്‍.എമാരുടെ പട്ടിക ഞങ്ങള്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ട്. ബി.ജെ.പി ഇപ്പോഴും എം.എല്‍.എമാരെ വിലക്കെടുക്കാന്‍ നോക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.