വിനോദയാത്രക്കെന്ന് തെറ്റിദ്ധരിപ്പിച്ച് ആദിവാസികളെ സമരത്തിനിരുത്തി: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

July 1, 2018 0 By Editor

അഗളി: വിനോദയാത്രക്കെന്ന് തെറ്റിദ്ധരിപ്പിച്ച് അട്ടപ്പാടിയിലെ ആദിവാസികളെ തിരുവനന്തപുരത്തെത്തിച്ച് സമരം ചെയ്യിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അട്ടപ്പാടിയില്‍ നിന്നും സ്ത്രീകളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 192 പേരെ നാലു ടൂറിസ്റ്റ് ബസുകളിലായാണ് വിനോദയാത്രക്കെന്ന വ്യാജേന തിരുവനന്തപുരത്തെത്തിച്ചത്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ റൂറല്‍ ലൈവ്‌ലി ഹുഡ്‌സ് പ്രമോഷന്‍ സൊസൈറ്റി മിഷന്‍ മാനേജരുടെ നിര്‍ദേശപ്രകാരമാണ് ആദിവാസികളെ തലസ്ഥാനത്തെത്തിച്ചതെന്നാണ് ആരോപണം.

അട്ടപ്പാടി അഹാഡ്‌സില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷനിലെ മേധാവിയും ചിണ്ടക്കി ഊരിലെ യുവതിയും ചേര്‍ന്ന് ജൂണ്‍ 26 ന് അര്‍ധരാത്രി ഊരുനിവാസികളറിയാതെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ചെമ്മണ്ണൂര്‍ ഊരുനിവാസികള്‍ പട്ടികജാതി പട്ടികവര്‍ഗ മന്ത്രിയ്ക്കും സബ് കളക്ടര്‍ക്കും അഗളി എഎസ്പിക്കും ഐടിഡി പ്രോജക്ട് ഓഫീസര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. ബന്ധുക്കളറിയാതെ സ്ത്രീകളെ കൊണ്ടുപോയതിനാല്‍ കുടുംബകലഹം വരെയുണ്ടായെന്നും പരാതിയിലുണ്ട്.

എന്‍.ആര്‍.എല്‍.പി.എസ് മേധാവിയെ അട്ടപ്പാടിയില്‍ നിന്നും തിരികെ വിളിച്ച നടപടിക്കെതിരെ സമരം ചെയ്യിക്കാനാണത്രെ ആദിവാസികളെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത്. തിരുവനന്തപുരത്ത് കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ഓഫീസിനു മുന്നിലും മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലും അണിനിരത്താനായിരുന്നു ലക്ഷ്യം.

ആദിവാസികളെ കൊണ്ട് സമരം ചെയ്യിച്ച് കുടുംബശ്രീ മേധാവിക്ക് അട്ടപ്പാടിയില്‍ തുടരാന്‍ അവസരമൊരുക്കുകയായിരുന്നു ഇവര്‍. ആദിവാസികളെ കുടുംബശ്രീ മിഷന്‍ ഓഫീസിനു മുന്നില്‍ അണിനിരത്തിയെങ്കിലും വിനോദയാത്രക്കായല്ല തങ്ങളെ കൊണ്ടുവന്നതെന്ന് ബോധ്യമായതോടെ പലരും വാഹനത്തില്‍ നിന്നിറങ്ങാന്‍പോലും കൂട്ടാക്കിയില്ല. അട്ടപ്പാടിയിലെ സാമൂഹ്യഅടുക്കള അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ വ്യാപകമായ അഴിമതി ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. അട്ടപ്പാടിയില്‍ കൂടുതലായി ശിശുമരണം സംഭവിച്ചതിനെത്തുടര്‍ന്ന് 2013 ലാണ് എന്‍.ആര്‍.എല്‍.എം പ്രവര്‍ത്തനം തുടങ്ങിയത്.