വിവാദങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ യുഎഇ സ്ഥാനപതി കേരളത്തിലേക്ക്

August 27, 2018 0 By Editor

തിരുവനന്തപുരം: യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചേക്കും. മഹാപ്രളയത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ യുഎഇ ഭരണാധികാരികള്‍ സഹായസന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സ്ഥാനപതിയുടെ സന്ദര്‍ശനം.

അതേസമയം കേരളത്തിന് ദുരിതാശ്വാസ സഹായമായി യുഎഇ 700 കോടി പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടെയാണ് യുഎഇ ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഏറ്റവും പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നത്.

‘രണ്ടു തരം ഭരണാധികാരികളാണുള്ളത്. ആദ്യത്തേതു തന്റെ ജനങ്ങളുടെ എല്ലാ കാര്യങ്ങളും സുഗമമായി പരിഹരിക്കുന്നവര്‍. ജനസേവനത്തില്‍ സംതൃപ്തിയടയുന്നവരാണവര്‍. ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനു മുന്നിട്ടിറങ്ങുന്നവര്‍. ലളിതമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നവരാണു രണ്ടാമത്തെ വിഭാഗം. സാങ്കേതികതകളുടെ പേരിലാണ് അവര്‍ ജനങ്ങളെ മുഷിപ്പിക്കുന്നത്. ജനം അവരുടെ വീട്ടുപടിക്കല്‍ യാചിച്ചു നില്‍ക്കണമെന്ന് അവര്‍ ചിന്തിക്കുന്നു. നാട് നന്നാകണമെങ്കില്‍ ആദ്യ വിഭാഗത്തിലുള്ളവരാണു വേണ്ടത്’ ഇതാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റിന്റെ മലയാളത്തിലുള്ള രത്‌നച്ചുരുക്കം.