വ്യാജപ്രചരണം: ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കും

September 3, 2018 0 By Editor

തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഡി.ജി.പിയ്ക്ക് കത്ത് നല്‍കി.

പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് എലിപ്പനിയുടെ വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം തന്നെ എലിപ്പനി ബാധിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം എലിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാല്‍, ഈ വിഷയത്തില്‍ യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കുംചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ലെപ്‌റ്റോസ് സ്‌പൈറോസിസ് (എലിപനി) പടര്‍ന്ന് പിടിക്കുന്ന വേളയില്‍ പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ കഴിക്കുന്നതിന് എതിരെ പ്രസ്താവനകള്‍ നടത്തുന്ന വടക്കും ചേരിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വടക്കുംചേരിയെ പോലെ ഉള്ളവര്‍ക്ക് എതിരെ മാതൃകപരമായി നടപടി എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എലിപ്പനി പ്രതിരോധ മരുന്നു കഴിക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതാണ്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കൊലപാതക ശ്രമം തന്നെയാണ് നടത്തുന്നതെന്നും ഇതിനെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്നും ഐ.എം.എ പ്രസിഡന്റ് ഡോ. ഇ.കെ.ഉമ്മറും, സെക്രട്ടറി ഡോ.എന്‍.സുള്‍ഫിയും പറഞ്ഞു.