വയനാട് ജില്ല കോടതി കെട്ടിട സമുച്ചയം 18 ന് ഉദ്ഘാടനം ചെയ്യും

May 16, 2018 0 By Editor

കല്‍പ്പറ്റ: കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ സമീപം പണിപൂര്‍ത്തിയായ ജില്ലാ കോടതി സമുച്ചയം 18 ന് രാവിലെ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്രകുമാര്‍, എംഎല്‍എ മാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അധുനിക കോടതി സമുച്ചയ നിര്‍മാണം പൊതുമരാമത്ത് വകുപ്പ് 2014 ലാണ് ആരംഭിച്ചത്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും സൗകര്യകുറവും അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആറു നിലകളിലായി നൂതനവും സൗകര്യപ്രദവുമായ കോടതി മുറികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. കോഴിക്കോട് ആസ്ഥാനമായുള്ള ജയ്ജിത്താണ് നിര്‍മാണം നടത്തിയത്. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ കോടതി, ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ എന്നിവയാണ് പുതിയ സമുച്ചയത്തിലേക്ക് മാറുന്നത്.

ബാര്‍ അസോസിയേഷന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവര്‍ക്കും പുതിയ കെട്ടിടത്തില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇ-കോര്‍ട്ട് സര്‍വീസിന് പര്യാപ്തമായ ആധുനിക ടെക്‌നോളജിയും ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. പുരുഷ, വനിതാ ബാര്‍ അസോസിയേഷന്‍ ഹാളും വിശാലമായ ലൈബ്രറിയും ഇവിടെയുണ്ട്. കൂടാതെ കേരളത്തിലെ ഏക അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്ക് ഹാളും ഈ കോടതി സമുച്ചയത്തിന്റെ പ്രത്യേകതയാണ്. രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിഎല്‍എസ്എ യായ വയനാട് ജില്ലക്ക് ഈ കോടതി സമുച്ചയവും അഭിമാന നേട്ടമാണ്. സംസ്ഥാനത്തെ ജില്ലാ കോടതികളില്‍ ഏറ്റവും സൗകര്യം കൂടിയ കെട്ടിടവും വയനാട്ടിലേതാണ്.