യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലെ പൗരന്‍ന്മാര്‍ക്ക് ഒരു വര്‍ഷത്തെ താമസവിസ ഒെരുക്കി യുഎഇ

June 19, 2018 0 By Editor

യുഎഇ: യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലെ പൗരന്‍ന്മാര്‍ക്ക് യുഎഇ ഒരു വര്‍ഷത്തെ താമസവിസ അനുവദിക്കും. ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ സ്വദേശത്തേക്ക് തിരിച്ചുപോകാത്തതിനാലുള്ള പിഴകളും ഒഴിവാക്കി നല്‍കും. യുഎഇ മന്ത്രിസഭയാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

യുദ്ധം നാശം വിതക്കുന്ന നിരവധി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ആശ്വാസമാകുന്നതാണ് യുഎഇ മന്ത്രിസഭയുടെ തീരുമാനം. യുദ്ധക്കെടുതി മാത്രമല്ല പ്രകൃതി ദുരന്തങ്ങളില്‍ ഉഴലുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമായിരിക്കും. കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അവരുടെ വിസ സ്റ്റാറ്റസ് ഏത് അവസ്ഥയിലാണെങ്കിലും ആഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ ഒരു വര്‍ഷത്തേക്ക് കൂടി വിസ പുതുക്കി നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

നാശം നേരിട്ട രാജ്യത്തേക്ക് തിരിച്ചുപോകാന്‍ കഴിയാത്തതിനാല്‍ വിസാ കാലാവധി കഴിഞ്ഞും യു എ ഇയില്‍ തങ്ങിയതിന് ഇവര്‍ അടക്കേണ്ടിയിരുന്ന വന്‍തുകയുടെ പിഴയും പൂര്‍ണമായി ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. യുദ്ധക്കെടുതി അനുഭവിക്കുന്നവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനായി യു എ ഇ മുന്നോട്ട് വെച്ച സുപ്രധാന ചുവടുവെപ്പാണിതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് അഡ്‌വാന്‍സ് മെന്റ് ആന്റ് ഗ്ലോബല്‍ ഡയലോഗ്‌സിന്റെ ജനീവ സെന്റര്‍ ചെയര്‍മാന്‍ ഡോ. ഹനീഫ് ഹസന്‍ ചൂണ്ടിക്കാട്ടി.