സീബ്രാവരകള്‍ മാഞ്ഞുപോയി: നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

July 3, 2018 0 By Editor

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ദേശീയപാതയിലെ സീബ്രാവരകള്‍ മാഞ്ഞുപോയിട്ടും പ്രശ്‌ന പരിഹാരത്തിന് അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തും കോഫിഹൗസിനു മുന്നിലും ചിറവക്കിലുമുള്ള സീബ്രാ വരകളാണു മാഞ്ഞത്. മഴയ്ക്കു മുന്‍പുതന്നെ മാഞ്ഞ വരകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ദീര്‍ഘദൂര വാഹനങ്ങള്‍ സീബ്രാ വരകളുള്ളതറിയാതെ റോഡ് മറികടക്കുന്നവരുമായി വാക്കേറ്റമുണ്ടാകുന്നതും പതിവായിരിക്കുകയാണ്. നേരത്തെ സീബ്രാ വരകള്‍ നിലനിന്നിരുന്നപ്പോള്‍് തന്നെ മിക്ക വാഹനങ്ങളും കാല്‍നടയാത്രക്കാര്‍ക്കു സുഗമമായ സഞ്ചാരമൊരുക്കാന്‍ വാഹനം നിര്‍ത്താറുണ്ടായിരുന്നില്ല.

ഇപ്പോള്‍ സീബ്രാ വരകള്‍ മാഞ്ഞതോടെ നിയമം ലംഘിക്കുന്ന വാഹനങ്ങളും അപകടങ്ങളും വര്‍ധിച്ചു. കഴിഞ്ഞ താലൂക്ക് വികസന സമിതി മുമ്പാകെ വിഷയം പരാതിയായി ഉന്നയിക്കപ്പെട്ടപ്പോള്‍ സീബ്രാ വരകള്‍ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി ഹൈവേ അഥോറിട്ടി സ്വീകരിച്ചാല്‍ ചെലവുകള്‍ നഗരസഭ വഹിക്കുമെന്നു നഗരസഭാ ചെയര്‍മാന്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. മൂന്നര വര്‍ഷം മുമ്പും സമാനമായ സ്ഥിതി ഉണ്ടായിരുന്നപ്പോള്‍ സ്വതന്ത്ര ഓട്ടോത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരാണു പെയിന്റ് ഉപയോഗിച്ചു സീബ്രാ വരകള്‍ പുനഃസ്ഥാപിച്ചത്.