അമേരിക്കയുടെ തിരിച്ചടി; കാബൂള്‍ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ സൂത്രധാരനായ ഐഎസ് നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക

അമേരിക്കയുടെ തിരിച്ചടി; കാബൂള്‍ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ സൂത്രധാരനായ ഐഎസ് നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക

August 28, 2021 0 By Editor

കാബൂള്‍ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി. ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം നടന്നത്. അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം കാബൂള്‍ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിയായ ഐഎസ് നേതാവായിരുന്നു.

പ്രാഥമിക സൂചനകള്‍ പ്രകാരം തങ്ങള്‍ ലക്ഷ്യം കണ്ടെന്നും ഐഎസ് നേതാവിനെ വധിച്ചതായും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ഡ്രോണ്‍ ആക്രമണം നടത്തിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. 13 യുഎസ് സൈനികര്‍ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേര്‍ ആക്രമണം നടന്ന് 48 മണിക്കൂര്‍ തികയും മുന്നെയായിരുന്നു അമേരിക്കയുടെ തിരിച്ചടി.

വിമാനത്താവളത്തിലെ ചാവേര്‍ ആക്രമണത്തിനു ശേഷം അമേരിക്ക നടത്തുന്ന ആദ്യ തിരിച്ചടിയാണിത്. ആക്രമണം നടത്തിയവരെ പിന്തുടര്‍ന്നു പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ‘ആക്രമണം നടപ്പിലാക്കിയവരും അമേരിക്കയെ ഉന്നമിടുന്നവരും അറിയുക. ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കുകയുമില്ല. പിന്തുടര്‍ന്നു പിടികൂടും, ശിക്ഷിക്കും. ഐഎസ് ഭീകരര്‍ക്കും അവരുടെ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണപദ്ധതി തയാറാക്കാന്‍ കമാന്‍ഡര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. തക്കസമയത്തു ശക്തമായും കൃത്യമായും തിരിച്ചടിക്കും’ – ബൈഡന്‍ പറഞ്ഞു.