അവർ ഞങ്ങളുടെ കുട്ടികളെ തട്ടികൊണ്ട് പോകുകയാണ്; പെൺകുട്ടികളെ അവർ ഭാര്യമാരാക്കുന്നു; ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കണം; അഭ്യർത്ഥനയുമായി അഫ്ഗാനിൽ നിന്ന് സംവിധായിക

അവർ ഞങ്ങളുടെ കുട്ടികളെ തട്ടികൊണ്ട് പോകുകയാണ്; പെൺകുട്ടികളെ അവർ ഭാര്യമാരാക്കുന്നു; ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കണം; അഭ്യർത്ഥനയുമായി അഫ്ഗാനിൽ നിന്ന് സംവിധായിക

August 15, 2021 0 By Editor

ലോകത്തെ എല്ലാ ചലച്ചിത്ര സമൂഹങ്ങൾക്കും സിനിമാ പ്രേമികൾക്കും അഫ്ഗാനിസ്ഥാനിൽ നിന്നും വേദനാജനകമായ ഒരു കത്ത്. അഫ്ഗാൻ ചലച്ചിത്ര നിർമ്മാതാവും സംവിധായികയുമായ സഹ്റാ കരിമിയാണ് കത്തെഴുതിയിരിക്കുന്നത്. തന്റെ സുന്ദരമായ രാജ്യത്തെ താലിബാനിൽ നിന്ന് സംരക്ഷിക്കാൻ എല്ലാവരും ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ് കരിമി.

താലിബാൻ തീവ്രവാദികൾ തങ്ങളുടെ ജനതയെ കൂട്ടക്കൊല ചെയ്യുകയാണ്. അവർ ഞങ്ങളുടെ കുട്ടികളെ തട്ടികൊണ്ട് പോകുന്നു, പ്രായപൂർത്തിപോലും ആകാത്ത പെൺകുട്ടികളെ അവർ ഭാര്യമാരാക്കുന്നു, വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രിയെ വധിച്ചു, അവർ ഞങ്ങളുടെ പ്രിയപ്പെട്ട ഒരു ഹാസ്യനടനെ ക്രൂരമായി പീഡിപ്പിച്ചു കൊന്നുകളഞ്ഞു, അവർ ചരിത്രാതീതനായ ഒരു കവിയെ വധിച്ചു, സർക്കാരുമായി അടുപ്പം പുലർത്തുന്നവരെയെല്ലാം കൊല്ലുന്നു, പല പുരുഷന്മാരെയും പരസ്യമായി തൂക്കികൊന്നു, അവർ ലക്ഷകണക്കിന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇങ്ങനെ അഫ്ഗാനിസ്ഥാന്റെ മണ്ണിൽ താലിബാൻ നടത്തുന്ന കൊടുംക്രൂരതകളെ കണ്ണീരോടെ പുറംലോകത്തോട് ചൂണ്ടി കാണിക്കുകയാണ് സഹ്റാ കരിമി.

പലായനം ചെയ്ത കാബൂളിലെ ക്യാമ്പുകളിൽ തങ്ങുന്ന കുടുംബങ്ങൾ വളരെ കഷ്ടതയിലാണ്. വൃത്തിഹീനമായ ചുറ്റുപാടിൽ കുഞ്ഞുങ്ങൾക്ക് പാല് പോലും കിട്ടാതെ മരിക്കുകയാണ്. ഇത്തരത്തിൽ അഫ്ഗാൻ ജനതയുടെ നൊമ്പരമായി മാറുകയാണ് കത്തിലെ വരികൾ. തങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് ഒരു മാനുഷിക പ്രതിസന്ധിയാണ്. ഇപ്പോൾ ലോകം നിശബ്ദമായി ഇരിക്കുകയാണ്. ഞങ്ങൾക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ് എന്ന് സഹ്റാ പറയുന്നു.

താലിബാന്റെ ഭരണത്തിന് കീഴിൽ അവർ എല്ലാ കലയും നിരോധിക്കുമെന്നും ഞങ്ങൾ സിനിമാക്കാർ അവരുടെ അടുത്ത ഇരയായിരിക്കും, ഞങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് ഞങ്ങൾ നിശബ്ദരാവും, വിദ്യായലയങ്ങളിൽ പോകുന്ന പെൺകുട്ടിൽ ഇല്ലാതാവും എന്ന് ഇടറുന്ന വരികളിൽ രാജ്യത്തിനായി ഞാൻ പോരാടുമെന്നും എന്നാൽ അത് മാത്രം പോരാ നിങ്ങൾ ചലച്ചിത്രകാരന്മാരും കലാകാരന്മാരും തങ്ങൾക്കായി ശബ്ദിക്കണമെന്ന് സഹ്റാ കരിമി കത്തിലൂടെ അഭ്യർത്ഥിക്കുന്നു.

താലിബാൻ കാബൂൾ പൂർണ്ണമായി കീഴടക്കിയാൽ ഞങ്ങളുടെ ശബ്ദം പുറത്തേയ്ക്ക് വരികയില്ല. പുറംലോകവുമായി ബന്ധപ്പെടാനുള്ള ഇന്റർനെറ്റ് അവർ കട്ടാക്കും. ഇനി ഞങ്ങൾക്ക് വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. നിങ്ങളുടെ ശബ്ദവും പിന്തുണയുമാണ് ഞങ്ങൾക്കിനി വേണ്ടത് എന്ന് കത്തിലൂടെ അഫ്ഗാൻ ജനതയ്ക്ക് വേണ്ടി ലോകത്തോട് കൈകൂപ്പി നിറകണ്ണുകളോടെ അഭ്യർത്ഥിക്കുവാണ് സഹ്റാ കരിമി.