ഈശോ സിനിമയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ നാദിഷര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അനുകൂലമായി കോടതി വിധി

ഈശോ സിനിമയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ നാദിഷര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അനുകൂലമായി കോടതി വിധി

August 13, 2021 0 By Editor

വിവാദങ്ങള്‍ക്കൊടുവില്‍ ഈശോ സിനിമയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ നാദിഷര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അനുകൂലമായി കോടതി വിധി.സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.സിനിമയ്ക്ക് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

‘ഈശോ’ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ പേര് ക്രിസ്തീയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച്‌ ഏതാനും വൈദികരും വിശ്വാസികളും രംഗത്ത് വന്നിരുന്നു.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന, ജയസൂര്യ നായകനാകുന്ന സിനിമയാണ് ഈശോ. ഈശോ നോട്ട് ഫ്രം ദ ബൈബിള്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് നല്‍കിയ പേര്. എന്നാല്‍ ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു കൂട്ടം ആളുകള്‍ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തു വരികയായിരുന്നു.

വിവാദമായതോടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്‌ലൈന്‍ മാറ്റാമെന്ന വിശദീകരണവുമായി സംവിധായകന്‍ നാദിര്‍ഷ രംഗത്ത് വന്നു.പക്ഷെ എന്നിട്ടും വിവാദം അടങ്ങിയില്ല. ചിത്രത്തിന്റെ പേര് തന്നെ മാറ്റണമെന്നും ഈശോ എന്ന പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു വിവിധ സംഘടനകളുടെ വാദം.ഇക്കാര്യത്തില്‍ സിനിമാരംഗത്തും പൊതു സമൂഹത്തിലും ചര്‍ച്ചകളും ചൂടുപിടിച്ചു.പി സി ജോര്‍ജ്ജ് ഉള്‍പ്പടെയുള്ളവര്‍ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.സിനിമയുടെ പേരു മാറ്റണമെന്നും ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണു സിനിമയുടെ ഉദ്ദേശമെന്നുമായിരുന്നു കത്തോലിക്ക കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. എന്നാല്‍ സിനിമ മതേതര മനോഭാവമുള്ള കലാരൂപമാണെന്നും സമൂഹത്തിന്റെ മാനസിക സന്തോഷത്തിനായാണു നിര്‍മ്മിക്കുന്നതെന്നും സിനി ടെക്‌നിഷ്യന്‍സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും സാംസ്‌കാരിക കേരളത്തിനു ഭൂഷണമല്ലെന്നുമുള്ള നിലപാടാണു മാക്ട സ്വീകരിച്ചത്. സിനിമയുടെ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ല എന്ന നിലപാട് സംവിധായകന്‍ നാദിര്‍ഷയും സ്വീകരിച്ചിട്ടുണ്ട്.